റാഫി രക്ഷകന്; സമനില പിടിച്ച് സൂപ്പര്‍ മച്ചാന്‍സ്
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ചെന്നൈയിന് എഫ്.സി ജംഷഡ്പൂരിനെ 1-1ന് സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ എ.ടി.കെയുടെ കഷ്ടകാലത്തിന് ഇത്തവണയും അറുതിയായില്ല. സ്വന്തം തട്ടകത്തില്‍ അവര്‍ മുംബൈ സിറ്റി എഫ്.സിയോട് 2-1ന്റെ തോല്‍വി വഴങ്ങി.
പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് റാഫി കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ നേടിയ ഹെഡ്ഡര്‍ ഗോളില്‍ സമനില പിടിച്ചാണ് ചെന്നൈയിന് സെമിയിലേക്ക് കൂടുതല്‍ അടുത്തത്. കളിയുടെ 32ാം മിനുട്ടില്‍ വെല്ലിങ്ടനിലൂടെ മുന്നില്‍ കടന്ന കോപ്പലാശാന്റെ ജംഷഡ്പൂര്‍ പിന്നീട് കടുത്ത പ്രതിരോധം തീര്‍ത്തതോടെ സ്വന്തം മണ്ണില്‍ ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള ചെന്നൈയിന്റെ ശ്രമങ്ങളൊന്നും നടന്നില്ല.
ഒടുവില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയ മിഹെലിച്- റാഫി കൂട്ടുകെട്ടാണ് തോല്‍വിയില്‍ നിന്ന് കരകയറ്റിയ ഗോളുമായി ചെന്നൈയിന് ആശ്വാസമായത്. 88ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നാണ് സൂപ്പര്‍ മച്ചാന്‍സിന്റെ സമനില ഗോള്‍. കിക്കെടുത്ത മിഹെലിചിന്റെ ഉയര്‍ന്നു വന്ന പന്ത് മികച്ച ഹെഡ്ഡറിലൂടെ റാഫി ജംഷഡ്പൂര്‍ വലയിലേക്ക് കടത്തിവിടുമ്പോള്‍ അവര്‍ നിസഹായരായിരുന്നു.
സമനിലയോടെ ചെന്നൈയിന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടര്‍ന്ന് നില ഭദ്രമാക്കിയപ്പോള്‍ ജംഷഡ്പൂരിന് പിണഞ്ഞ സമനില കേരള ബ്ലാസ്റ്റേഴ്സിനാണ് കൂടുതല്‍ ആശ്വാസം നല്‍കുന്നത്. നാലാമതുള്ള ജംഷഡ്പൂരും അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും ഇതോടെ 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 26 പോയിന്റുമായി ജംഷഡ്പൂര്‍ നില്ക്കുമ്പോള് ബ്ലാസ്റ്റേഴ്സിന് 24 പോയിന്റുകള്‍. 14 മത്സരങ്ങള്‍ മാത്രം കളിച്ച് ഗോവ ആറാം സ്ഥാനത്ത് 20 പോയിന്റുമായും 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ ഇത്രയും പോയിന്റുമായി ഏഴാമതും വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ മുന്നോട്ടു പോകാമെന്ന പ്രതീക്ഷ കൂടുതല്‍ സജീവമാക്കി നിര്‍ത്താന്‍ ജംഷഡ്പൂരിന്റെ സമനില ബ്ലാസ്റ്റേഴ്സിന് കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കാം.
മര്‍സിയോ റോസാരിയോയുടെ ഗോളില്‍ മുന്നിലെത്തിയ മുംബൈ സിറ്റിക്കെതിരേ രണ്ടാം പകുതി തുടങ്ങി 47ാം മിനുട്ടില്‍ തന്നെ ബിപിന്‍ സിങിലൂടെ സമനില ഗോള്‍ നേടി ഒപ്പം പിടിക്കാന്‍ എ.ടി.കെയ്ക്ക് സാധിച്ചു. എന്നാല്‍ 53ാം മിനുട്ടില്‍ റാഫ ജോര്ദയുടെ ഗോളില്‍ മുംബൈ സുരക്ഷിത വിജയം സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."