50, 100 മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം
ഫറോക്ക്: 50,100 രൂപാ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മുദ്രപ്പത്രത്തിനു വേണ്ടി ജനം നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ചെറിയ രൂപയുടെ മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത്. സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷിക്കുന്നതിനു മുദ്രപ്പത്രങ്ങള്‍ക്കായി ദിനംപ്രതി നിരവധി പേരാണ് സ്റ്റാമ്പ് വെണ്ടറുമാരുടെ ഓഫിസില്‍ കയറിയിറങ്ങി മടങ്ങുന്നത്. മറ്റു ജില്ലകളില്‍ നിന്നു മുദ്രപ്പത്രം അന്വേഷിച്ച് ദിവസവും നൂറുകണക്കിനു പേര്‍ ജില്ലയിലെത്തുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ട്രഷറികളില്‍ നൂറുരൂപയുടെ മുദ്രപ്പത്രം സ്റ്റോക്ക് തീര്‍ന്നിട്ട് ഒരു മാസത്തിലേറെയായി. ലൈസന്‍സ് എഗ്രിമെന്റുകള്‍, കെ.എസ്.ഇ.ബി ബോണ്ടുകള്‍, പഞ്ചായത്തില്‍ ബില്‍ഡിങ് പെര്‍മിറ്റിന് നല്‍കേണ്ട ബോണ്ട്, സത്യവാങ്ങ് മൂലം, ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തല്‍ എന്നിവയ്‌ക്കെല്ലാം 200 രൂപയുടെ മുദ്രപ്പത്രം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ബാങ്കുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ലോണുകള്‍ക്കും കുടുംബശ്രീ ലിങ്കേജ് ലോണിനും അപേക്ഷയോടൊപ്പം 200 രൂപയുടെ പത്രം നല്‍കണം. 200 രൂപയുടെ ഒറ്റ പത്രമില്ലാത്തതിനാല്‍ രണ്ട് നൂറു രൂപാ പേപ്പറുകളാണ് വാങ്ങിച്ചിരുന്നത്. 100 രൂപയുടെ പേപ്പര്‍ തീര്‍ന്നതോടെ അന്‍പത് രൂപയുടെ നാല് പത്രങ്ങള്‍ വച്ചാണ് 200 രൂപാ പേപ്പറിന്റെ ആവശ്യം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തോടെ ട്രഷറികളില്‍ അന്‍പതിന്റെ സ്റ്റോക്കും തീര്‍ന്നത് ജനത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിട്ടുണ്ട്. 50 രൂപയുടെ മുദ്രപ്പത്രം തീര്‍ന്നതോടെ എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള സത്യവാങ്മൂലം നല്‍കാനാകാതെ വിദ്യാര്‍ഥികളും വലഞ്ഞിരിക്കുകയാണ്.
അപേക്ഷയ്‌ക്കൊപ്പം മുദ്രപ്പത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നു സാമൂഹ്യക്ഷേമ പദ്ധതിയിലൂടെ ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങളാണ് സാധാരണക്കാര്‍ക്ക് നഷ്ടപ്പെടുന്നത്. പി.എം.എ.വൈ ഭവന പദ്ധതി, വീട് റിപ്പയറിങ്, കക്കൂസ് നിര്‍മാണം, ആട്, പശു എന്നിവയ്ക്ക് അപേക്ഷിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം 200 രൂപയുടെ മുദ്രപ്പത്രം വേണം. മാര്‍ച്ച് മാസത്തിനു മുന്‍പേ കരാറെടുക്കേണ്ട മരാമത്ത് ജോലിക്കുള്ള മുദ്രപ്പത്രത്തിനു വേണ്ടി കരാറുകാര്‍ നാടുനീളെ ഓടുകയാണ്.
അതേസമയം 100, 50 രൂപയുടെ പത്രങ്ങള്‍ക്കു പകരം 500 രൂപയുടെ പേപ്പര്‍ വാങ്ങി ആവശ്യങ്ങള്‍ നടത്തുകയാണിപ്പോള്‍. ഇടയ്ക്കിടെ മുദ്രപ്പത്രത്തിനുണ്ടാകുന്ന ക്ഷാമത്തിന്റെ കാരണത്തെ കുറിച്ചു ട്രഷറി അധികൃതര്‍ക്ക് വ്യക്തമായ വിവരമില്ല. ഇ-സ്റ്റാമ്പിലേക്കു മാറുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളൊന്നും ഇതുവരെ ആയിട്ടില്ല. മുദ്രപ്പത്രങ്ങള്‍ എന്നെത്തുമെന്ന ജനങ്ങളുടെ ചോദ്യത്തിനു വ്യക്തമായ വിവരം നല്‍കാന്‍ ജില്ലാ ട്രഷറിക്കും സാധിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."