അന്യരല്ല, ഈ ആടുജീവിതങ്ങള്‍...
നാളെ ലോക സാമൂഹിക നീതി ദിനമാണ്. എല്ലാ വിഭാഗം മനുഷ്യരും ഒരുപോലെ ജീവിക്കുന്ന വലിയ സ്വപ്നം യാഥാര്‍ഥ്യമാകുവാന്‍ എല്ലാവരും യത്‌നിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ദിനം. ഈ വര്‍ഷത്തെ സാമൂഹിക നീതി ദിനത്തിന്റെ സന്ദേശം കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക നീതി ഉറപ്പ് വരുത്തുകയെന്നതാണ്. എന്നാല്‍ സംസ്ഥാനത്ത് ആടുജീവിതം നയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് എന്നെങ്കിലും ഒരു പരിഹാരമുണ്ടാകുമോ?
സംസ്ഥാനത്ത് എവിടെയെങ്കിലും ഒരു കുട്ടിയെ കാണാതായാല്‍, സാമൂഹ്യവിരുദ്ധരുടെ ബ്ലാക്ക്മാന്‍ പ്രയോഗത്തില്‍ അക്രമത്തിനിരയാവുന്നത് ഈ ഇതര സംസ്ഥാന തൊഴിലാളികളാണ്. രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് കേരളമെന്ന സാമൂഹിക നീതി എന്നും ഉറപ്പാക്കുന്ന സംസ്ഥാനത്തിലേക്ക് അവര്‍ എത്തിയത് ജീവന്റെ സുരക്ഷ ഉറപ്പാക്കാന്‍ തന്നെയാണ്. എന്നാല്‍ ഈയടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ജീവിതങ്ങളായി ഇവര്‍ മാറിയിരിക്കുന്നു. ജില്ലയിലെ സ്ഥിതിയും വിഭിന്നമല്ല. അന്‍പതിനായരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ ജീവിത മേഖലയായി കാസര്‍കോട് ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ അക്രമകാരികളോ, ക്രിമിനല്‍ സ്വഭാവമുള്ളവരോ ഉണ്ടാകാം. എന്നാല്‍ അവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരും കൂട്ടത്തോടെ നാടുകടത്താനും അക്രമിക്കാനും ശ്രമിക്കുന്നത് ഏത് സാമൂഹ്യനീതിയുടെ ഭാഗമാണെന്നതാണ് ഇന്നത്തെ 'വടക്കന്‍ കാറ്റ് ' ഉയര്‍ത്തുന്ന ചോദ്യം.
അരജീവിതവും ഇപ്പോള്‍ അരക്ഷിതം
അന്‍പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍. ഇവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ കൂലി 300 രൂപയാണ്. താമസിക്കാനുള്ള സ്ഥലവും മറ്റും ഇവരെ നാട്ടിലെത്തിക്കുന്ന കരാറുകാരന്‍ നല്‍കും. ആഴ്ച്ചയില്‍ ഒരു ദിവസത്തെ അവധി. മറ്റ് സംസ്ഥാനങ്ങളിലെ പോലെ അരക്ഷിതാവസ്ഥയില്ല. ഇതാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്കിന് കാരണമായത്. എന്നാല്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഭീതി പരത്തി ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടുകയാണ്.
ചെറിയ വാടക മുറികളില്‍ കിടപ്പും ഭക്ഷണം പാകം ചെയ്യലുമൊക്കെയായി ആടുജീവിതത്തിന് സമാനമായ സാഹചര്യത്തിലാണ് ഇവര്‍ ജീവിച്ചുവന്നിരുന്നത്. സുരക്ഷിതവും ശുചിത്വമുള്ളതുമായ കിടപ്പുമുറികളോ, ശുചിമുറികളോ ഇപ്പോഴുമില്ല. പകര്‍ച്ച വ്യാധികളുടെ നടുവിലാണ് ജീവിതവും. എന്നാലും കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ അവര്‍ സാമൂഹിക നീതി ലഭിച്ചിരുന്നു. ജില്ലയില്‍ അമ്പതിനായിരത്തോളെ പേര്‍ ഒരേ സമയം ജോലി ചെയ്യുന്നുവെന്ന് പറയുമ്പോള്‍ തന്നെ ഒരു ലക്ഷത്തോളം പേര്‍ വന്നും പോയും കൊണ്ടിരിക്കുന്നു. കൃത്യമായ കൂലിയും ജോലിയുമെന്നതാണ് ഇവരെ പ്രലോഭിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ നാട്ടിലെ പരിതസ്ഥിതിയില്‍ നിന്ന് ഏറെ വിഭിന്നമല്ല ഇവിടുത്തെ താമസ സ്ഥലങ്ങള്‍. എന്നാലും അര ജീവിതം കൊണ്ട് ഇവരുടെയും നാട്ടിലെയും ജീവിതങ്ങള്‍ പച്ചപിടിച്ചിരുന്നു.
ഇതിനിടെയാണ് അസാധാരണ സംഭവങ്ങള്‍ പെരുപ്പിച്ച് ഇവര്‍ക്കെതിരേ അക്രമം നടക്കുന്നത്.ജില്ലയില്‍ പലയിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമത്തിനിരയാവുന്നുണ്ട്. പരാതിപ്പെടാന്‍ തയാറാകാത്തതിനാലാണ് പല സംഭവങ്ങളും പുറംലോകം അറിയാത്തത്. ജില്ലയിലെ ഒരു പ്രദേശത്തുനിന്ന് പൂര്‍ണമായും ഇതര സംസ്ഥാന തൊഴിലാളികളെ തുരത്താനുള്ള നീക്കം നടക്കുന്നുണ്ട്. ഇവര്‍ക്ക് പ്രദേശം വിട്ടുപോകാന്‍ അന്ത്യശാസനം നല്‍കി കാത്തിരിക്കുകയാണ് നാട്ടുകൂട്ടം. കാസര്‍കോടിലെ ഒരു മലയോര പഞ്ചായത്തില്‍ ബ്ലാക്ക്മാന്‍ ഇറങ്ങിയെന്ന പ്രചാരണം ശക്തമായതോടെ പൊല്ലാപ്പിലായത് ഇതര സംസ്ഥാന തൊഴിലാളികളാണ്. രാത്രിയെന്നും പകലെന്നോ വ്യത്യാസമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആത്മ നൊമ്പരങ്ങളും ആത്മരോഷങ്ങളും ഇവിടെ നിശബ്ദമായി അലയടിക്കുന്നുണ്ട്. നമ്മള്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മുഖത്ത് നോക്കുക. പ്രവാസി മലയാളികളുടെ തീഷ്ണമായ ജീവിത യാഥാര്‍ഥ്യങ്ങളാണ് അവിടെ കാണാനാവുക.
തൃക്കരിപ്പൂര്‍ മാതൃക
കൃത്യമായ പൊലിസ് നിരീക്ഷണവും നാട്ടുകാരുടെ ഇടപെടലുകളും തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യമായ അക്രമ സ്വഭാവങ്ങള്‍ തൃക്കരിപ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തൃക്കരിപ്പൂരില്‍ കൂടുതലായി താമസിക്കുന്നത്.
ഇവരില്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല ഇവരുടെ കൃത്യമായ വിവരങ്ങള്‍ പൊലിസ് രേഖകളിലുണ്ട്. രണ്ടു തവണ സംഘടിപ്പിച്ച ക്യാംപിലൂടെയാണ് തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തത്. എന്നാല്‍ ക്യാംപില്‍ എത്താത്ത തൊഴിലാളികളില്‍ ഭൂരിഭാഗവും കൊല്‍ക്കത്ത, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പൊലിസ് കാര്യയമായ പരിശോധന നടത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്.തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് വീട് വാടകക്ക് നല്‍കരുതെന്ന് വിട്ടുടമസ്ഥര്‍ക്ക് പൊലിസ് നിര്‍ദേശവും നല്‍കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ഒറ്റമുറികളില്‍ പത്തും ഇരുപതും പേര്‍ താമസിക്കുന്ന അവസ്ഥയിലും ഇപ്പോള്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലെ പരിസരവാസികളുടെ ഇടപെടല്‍ ശുചിത്വവും ഉറപ്പുവരുത്തുന്നുണ്ട്.
ബ്ലാക്ക്മാന്‍ നാട്ടിലോ വാട്‌സ്ആപ്പിലോ
യഥാര്‍ഥത്തില്‍ ജില്ലയില്‍ ഇതരസംസ്ഥാനക്കാരെ വേട്ടയാടാന്‍ കാരണമായ ബ്ലാക്മാന്‍ നാട്ടിലാണോ വാട്‌സ് ആപ്പിലാണോ എന്നതാണ് ഉയരുന്ന ചോദ്യം. പലരും പലയിടത്തായി കണ്ടുവെന്ന് പറയുമ്പോഴും ഒരു സ്ഥരീകരണവും ഇത് സംബന്ധിച്ചില്ല. പലരും ഉയര്‍ത്തിയ ഊഹാപോഹങ്ങള്‍വച്ച് രാത്രിയില്‍ ഉത്സവവും മറ്റും കണ്ട് വരുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും അക്രമിക്കുകയാണ്. ബ്ലാക്ക്മാന്‍ പ്രതിഭാസം സംബന്ധിച്ച് ജില്ലയിലെ പൊലിസും സ്ഥിരീകരണം തരുന്നില്ല.
കേരള കുടിയേറ്റ നിയമം
കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക നീതി ഉറപ്പാക്കണമെന്ന് സാമൂഹിക നീതി ദിനത്തില്‍ ഊന്നല്‍ നല്‍കുമ്പോള്‍ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി കടലാസിലുറങ്ങുന്നു. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഒരുപദ്ധതിയും നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗ്രാമസഭ, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അതൊന്നും നടപ്പായില്ല.
കേരളത്തെ പേ പിടിച്ച ആള്‍ക്കൂട്ടമാക്കാന്‍ ആസൂത്രിത ശ്രമം
( എഴുത്തുകാരനും കവിയുമായ കരിവെള്ളൂര്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്)
ഏതാനും മാസം മുന്‍പ് ഒരു ബസ് യാത്രയിലാണ് ഞാന്‍ അസീസിനെ കണ്ടത്. ബംഗാളിലെ പര്‍ഗാനാസ് ജില്ലയില്‍നിന്ന് കേരളത്തില്‍ എത്തിയ ഇരുപതുകാരന്‍. ആലക്കോട്ടെ ഹോട്ടലില്‍ പൊറോട്ടയുടെ പണിയാണ് അസീസിന്. ജോലി, കൂലി, താമസ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചോദിക്കാതെ തന്നെ അവന്‍ വിശദമാക്കി. കുറച്ചു നേരത്തെ സംസാരം സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ അവനോട് ഒരു കാര്യം ഞാന്‍ ചോദിച്ചു. ആയിരക്കണക്കിന് നാഴിക അകലെയുള്ള ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തുനിന്ന് 28 സംസ്ഥാനങ്ങളെയും ഒഴിവാക്കി ഈ തെക്കേ അറ്റത്തുള്ള ഇത്തിരിപ്പോന്ന സ്ഥലത്തേക്ക് എന്തിനാണ് നിങ്ങള്‍ വരുന്നത്. അതിനിടയില്‍ എത്ര വലിയ നഗരങ്ങളുണ്ട്. എത്ര സംസ്ഥാനങ്ങളുണ്ട്. വളരെ ലാഘവത്തോടെ ഒരു ചെറു ചിരിയോടെയാണ് അവന്‍ ആ ചോദ്യത്തെ നേരിട്ടത്. ഈ ചോദ്യത്തിന് ആരോടും മറുപടി പറയാന്‍ സുസജ്ജനായതു പോലെ. അതൊന്നും ഉത്തരമായിരുന്നില്ല. ഒരു പിടി ചോദ്യങ്ങളായിരുന്നു.
എവിടെയാണ് ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ഇത്രയും കൂലിയും വേലയും കിട്ടുന്നത് ?
എവിടെയാണ് ജാതി മേലാളന്മാരെയോ മത ഭ്രാന്തന്മാരെയോ അല്‍പ്പം പോലും ഭയപ്പെടാതെ ഇതു പോലെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നത് ?
എവിടെയാണ് ബസില്‍ താങ്കളെപ്പോലെ മാന്യമായി വസ്ത്രം ധരിച്ച ഒരാളുടെ കൂടെ അതേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യാന്‍ കഴിയുന്നത്?
എവിടെയാണ് ഞാന്‍ തന്നെ പൊറോട്ടയടിക്കുന്ന ഹോട്ടലിലെ മേശയുടെ ഒരു ഭാഗത്തിരുന്ന് ഒട്ടും ഭയപ്പെടാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാവുന്നത്?
എവിടെയാണ് കാണുന്നവരും പരിചയപ്പെടുന്നവരുമെല്ലാം ജാതിയും മതവും അന്വേഷിക്കാത്തവരായി ഉള്ളത്?
അസീസില്‍ നിന്നു ഒരു പാടു കാര്യങ്ങള്‍ ഞാനും പഠിക്കുകയായിരുന്നു. കേരളത്തിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഏതു മനുഷ്യനോടും നിങ്ങള്‍ ചോദിക്കൂ. ഏറിയും കുറഞ്ഞും ഇതൊക്കെ തന്നെയാണ് നമ്മുടെ നാടിനെക്കുറിച്ചുള്ള അവരുടെ പ്രതികരണം.
അടുത്ത കാലത്തായി അതെല്ലാം അട്ടിമറിക്കപ്പെടുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നാരോപിക്കുന്ന നിരവധി കെട്ടുകഥകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. കുട്ടികളിലും രക്ഷിതാക്കളിലും വ്യാപകമായി കഴിഞ്ഞ ഈ ആശങ്ക മുഴുവന്‍ ജനങ്ങളിലേക്കും ഒരു മാസ് ഹിസ്റ്റീരിയ പോലെ പടര്‍ത്തുകയാണ്.
ഇതിനു വേണ്ടി നിഗൂഡമായ ലക്ഷ്യത്തോടെ നിരവധി വ്യക്തികളും വര്‍ഗ്ഗീയ ഗ്രൂപ്പുകളും പരിശ്രമിക്കുന്നു. കേരളത്തെക്കുറിച്ച് ഇന്ത്യയാകെ തുടര്‍ച്ചയായി നടന്നുവന്ന അപവാദ പ്രചാരണങ്ങളുടെ മറ്റൊരു മുഖമാണ് ഈ വ്യാജ പ്രചാരണവും. ഇതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണ്. വിചാരണയും വിധിയും തെരുവില്‍വച്ചു തന്നെ നടപ്പാക്കുന്ന ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഭ്രാന്തു കയറിയതു പോലുള്ള ആള്‍ക്കൂട്ടങ്ങളെ ആവര്‍ത്തിച്ചുള്ള അസത്യ പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കുകയെന്നത് വര്‍ഗീയ ശക്തികളുടെ ആത്യന്തിക ആവശ്യമാണ്.
ജാതിയും മതവും പറഞ്ഞും വര്‍ഗീയത ഇളക്കിവിട്ടും നടത്തുന്ന ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ നവോത്ഥാനത്തിന്റെ ദീര്‍ഘ ചരിത്രമുള്ള ഒരിടത്ത് നടക്കാതെ വന്നപ്പോള്‍ കണ്ടുകിട്ടിയ പുതിയ പദ്ധതിയാണ് അരക്ഷിതത്വം വളര്‍ത്തി മനുഷ്യരെ അക്രമത്തിലേക്ക് തിരിച്ചുവിടല്‍.
അപരത്വം സൃഷ്ടിക്കുക എന്നത് മതത്തിന്റെ പേരില്‍ മാത്രമല്ല, ദേശത്തിന്റെ പേരില്‍ കൂടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തൊഴിലെടുക്കുവാന്‍ ഇവിടെ എത്തിയവര്‍ മുഴുവന്‍ കുറ്റവാളികളും സംശയത്തിന്റെ നിഴലില്‍ ഉള്ളവരാണെന്നും പരത്തുന്നത് ലോകത്തെങ്ങുമുള്ള മലയാളികളുടെ നില തന്നെ പരുങ്ങലിലാക്കും. കൂത്തുപറമ്പിനടുത്ത മാനന്തേരിയില്‍ മനസിന്റെ സമനില തെറ്റിയ ഒരു വടക്കേ ഇന്ത്യന്‍ തൊഴിലാളിയെ ജനക്കൂട്ടം തല്ലിച്ചതച്ചത് ഈ മാസ് ഹിസ്റ്റീരിയ സൃഷ്ടിച്ച ദുരന്തമാണ്.
കായികാധ്വാനം ആവശ്യമുള്ള എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വിയര്‍പ്പിലാണ് ഇപ്പോള്‍ കേരളം പിടിച്ചു നില്‍ക്കുന്നത്. റോഡും പാലവും കെട്ടിടവുമെല്ലാമായി മലയാളി നയിക്കുന്ന ജീവിതത്തില്‍ വീണ വിയര്‍പ്പുതുള്ളികള്‍ മുഴുവന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന സഹോദരങ്ങളുടേതാണ്. നന്ദിപൂര്‍വം അതിനോട് സമീപിക്കേണ്ട ഒരു സമൂഹം അവരെ മുഴുവന്‍ കുട്ടികളെ പിടിയന്മാരും ക്രിമിനലുകളുമാക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ച് ചെയ്ത് അശാന്തിയും അസ്വസ്ഥതയും പടര്‍ത്താന്‍ മത്സരിക്കയാണ്. ഇത് അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തേ തീരു.
വ്യാജ പ്രചാരണം നടത്തുന്നവരെയും മുന്‍പിന്‍ നോക്കാതെ അത് ആഘോഷിക്കുന്നവരെയും ഒരു പോലെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മുഴുവന്‍ ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ എജന്‍സികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജാതി മാറി കല്യാണം കഴിച്ചതിനും പശുവിനെ തെളിച്ചു വഴിയിലൂടെ പോയതിനും മനുഷ്യരെ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടങ്ങള്‍ പോലെയായി കേരളവും മാറാതിരിക്കാന്‍ ഇനിയും ഉണര്‍ന്നേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."