കുടുംബശ്രീയുടെ 'നീതം' പദ്ധതി വിവാദത്തില്‍: സര്‍വേയല്ല; ചോദ്യാവഹേളനം!
അരീക്കോട്: സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കുകയെന്ന നിലയില്‍ സംസ്ഥാനത്തു കുടുംബശ്രീ തുടക്കംകുറിച്ച 'നീതം' കാംപയിന്റെ സര്‍വേയില്‍ കടന്നുകൂടിയത് അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍. സ്ത്രീയും തൊഴിലും, സ്ത്രീയും ആരോഗ്യവും, സ്ത്രീയും സഞ്ചാര സ്വാതന്ത്ര്യവും തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ഈ മാസം പത്തിനു തുടക്കംകുറിച്ച കാംപയിന്‍ സര്‍വേയിലെ ചോദ്യങ്ങളാണ് കുടുംബശ്രീ അംഗങ്ങളെപ്പോലും നാണിപ്പിക്കുന്നത്.
രാജ്യത്തെ സ്ത്രീ സുരക്ഷ, അവകാശ നിഷേധങ്ങള്‍, ലിംഗവിവേചനത്തിലധിഷ്ഠിതമായ അതിക്രമങ്ങള്‍, ഭരണരംഗത്തു സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് സര്‍വേയുടെ ഭാഗമായി കുടുംബശ്രീകളിലേക്കു ജില്ലാ മിഷന്‍ നല്‍കിയ കൈപുസ്തകത്തില്‍ രേഖപ്പെടുത്തിയതെങ്കിലും ലക്ഷ്യവുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ തയാറാക്കി കുടുംബ ബന്ധം തകര്‍ക്കുംവിധമാണ് സര്‍വേയെന്നു പല ഗ്രാമ പഞ്ചായത്തുകളിലെയും സി.ഡി.എസ് പ്രസിഡന്റുമാര്‍ പറയുന്നു.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ ശാരീരികം, മാനസികം, ദൃശ്യം എന്നിങ്ങനെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍ തരംതിരിച്ചിരിക്കുന്നത്. അതിക്രമങ്ങളുടെ സ്വഭാവം പരിചയപ്പെടുത്തുന്ന രണ്ടാം പട്ടികയിലെ ചോദ്യങ്ങളാണ് കുടുംബശ്രീ അംഗങ്ങളെ അലസോരപ്പെടുത്തുന്നത്. ശരീരത്തില്‍ ആരെങ്കിലും കടന്നുപിടിച്ചോ?, നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്‌തോ?, ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചോ?, സ്വകാര്യ സ്ഥലങ്ങളില്‍ ആരെങ്കിലും തോണ്ടിയോ?, അശ്ലീല പദപ്രയോഗം നടത്തിയോ?, നിങ്ങള്‍ക്കു മുന്നില്‍ ആരെങ്കിലും ശരീരം പ്രദര്‍ശിപ്പിച്ചോ?, ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോ?, ലൈംഗിക താല്‍പര്യത്തോടെ ആരെങ്കിലും തുറിച്ചുനോക്കിയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സര്‍വേയുടെ ഭാഗമായി കുടുംബശ്രീകള്‍ക്കു ലഭിച്ച പട്ടികയിലുള്ളത്.
അയല്‍ക്കൂട്ട കുടുംബസംഗമങ്ങള്‍ ചേര്‍ന്നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത്. എന്നാല്‍, ലൈംഗികച്ചുവയുള്ള ചോദ്യങ്ങള്‍ മാത്രമായതോടെ പല കുടുംബശ്രീകളും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍വേയോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ് ചെയ്തത്. ലൈംഗികമായി അക്രമിച്ച വ്യക്തി ഏതു വിഭാഗക്കാരനാണെന്നു ചോദിക്കുന്ന പട്ടിക മൂന്നില്‍ അയല്‍വാസി, സുഹൃത്ത്, കുടുംബാംഗം, ഭര്‍ത്താവ്, ചന്തയില്‍ കച്ചവടം നടത്തുന്ന വ്യക്തി, ചെറുപ്പക്കാരുടെ കൂട്ടം, വാഹന ഡ്രൈവര്‍മാര്‍, കച്ചവട സ്ഥാപനത്തിന്റെ ഉടമ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരുടെ എണ്ണം രേഖപ്പെടുത്താനുള്ള കോളവും നല്‍കിയിട്ടുണ്ട്. തീര്‍ത്തും സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിലേക്കു കടന്നുകയറുന്ന തരത്തിലാണ് കുടുംബശ്രീയുടെ സര്‍വേയെന്ന് എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."