സ്വദേശിവല്‍ക്കരണത്തില്‍നിന്ന് പിറകോട്ടില്ലെന്ന് സഊദി തൊഴില്‍ മന്ത്രി
റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതികളില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്നും ആവശ്യമെങ്കില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ ഗഫീസ്.
രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണു തൊഴില്‍ മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രഖ്യാപിക്കപ്പെട്ട സഊദിവല്‍ക്കരണ പദ്ധതി നിര്‍ത്തിവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 28 ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമാര്‍, സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് പ്രസിഡന്റ്, സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിനു കീഴിലുള്ള വ്യത്യസ്ത കമ്മിറ്റികളുടെ പ്രസിഡന്റുമാര്‍, വ്യാപാര പ്രതിനിധികള്‍ എന്നിവരാണ് റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സഊദിവല്‍ക്കരണ പദ്ധതി ചര്‍ച്ചയില്‍ പങ്കെടുത്തത്.
അടുത്തിടെ പ്രഖ്യാപിച്ച രാജ്യത്തെ 12 തൊഴില്‍ മേഖലയടക്കം വിവിധ മേഖലകളിലെ സഊദിവല്‍ക്കരണം, ലെവി ഇന്‍വോയിസ് എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്രകാരം മന്ത്രി യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ നേരത്തെ, നിശ്ചയിച്ച പ്രകാരം പുതിയ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്നും 2018 ജനുവരി ഒന്നിനു മുന്‍പായി നേടിയെടുത്ത വര്‍ക്ക്‌പെര്‍മിറ്റിനുള്ള തുക ഈ വര്‍ഷം അവശേഷിക്കുന്ന കാലാവധിക്കു മുന്‍പായി ഈടാക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ തീര്‍ത്തു പറഞ്ഞു.
നിര്‍ബന്ധ സഊദിവല്‍ക്കരണം ചില മേഖലകളില്‍ കടുത്ത ആഘാതം സൃഷ്ടിക്കുമെന്നു സമ്മതിച്ച മന്ത്രി ദേശീയ സമ്പദ്ഘടനയ്ക്കു ശക്തി പകരുന്നതിനാല്‍ പിന്മാറാന്‍ തയാറല്ലെന്നു വ്യക്തമാക്കുകയായിരുന്നു. ചില മേഖലകളില്‍നിന്ന് സഊദിവല്‍ക്കരണം ഒഴിവാക്കണമെന്നും സാവകാശം അനുവദിക്കണമെന്നുമുള്ള ആവശ്യവും മന്ത്രി നിരാകരിച്ചു.
വിദേശികളുടെ ലെവി മാസാമാസം അടക്കാനുള്ള സംവിധാനം, ലെവി സമ്പ്രദായം 2025 വരെ ഘട്ടംഘട്ടമായി നടപ്പാക്കുക, സഊദിവല്‍ക്കരണ പ്രഖ്യാപനത്തിനു മുന്‍പ് സ്വകാര്യ മേഖലയുമായി ചര്‍ച്ച നടത്തുക, ഇടത്തരം സ്ഥാപനങ്ങളെ ആദ്യ വര്‍ഷം സഊദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒടുവില്‍ പഠനം നടത്താനും പരിഹാരം കാണാനുമായി കര്‍മസമിതി രൂപീകരിക്കുക മാത്രമാണു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."