വീണ്ടും ബാഗേജ് മോഷണം; ആറ് യാത്രക്കാരുടെ നാലു ലക്ഷത്തോളം വിലവരുന്ന സാധനങ്ങള്‍ നഷ്ടമായി
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. യാത്രക്കാര്‍ തന്നെ ഇക്കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ വിമാനത്തിലെ ആറ് യാത്രക്കാര്‍ക്കാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത്. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടും.
പുലര്‍ച്ചെ എത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്. സ്വര്‍ണം, വിദേശ കറന്‍സികള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്. കസ്റ്റംസ് ഹാളില്‍ നിന്ന് ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള്‍ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബ്ബുകള്‍ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പണവും വിലയേറിയ വസ്തുക്കുളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്.
പല വസ്തുക്കളുടെയും കാലി പെട്ടികള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആറു യാത്രക്കാര്‍ എയര്‍ ഇന്ത്യക്കും എയര്‍പോര്‍ട്ട് അതോററ്റിക്കും പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാസങ്ങള്‍ക്കു മുന്‍പും ഇതേപോലെ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമായതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കരിപ്പൂര്‍ പൊലിസ് വിമാനത്താവളത്തിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ജീവനക്കാരന്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ടെത്തിയിരുന്നു. ഇയാളെ സസ്‌പെന്‍ഡും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."