വനാതിര്‍ത്തിയില്‍ കുളം നിര്‍മാണം: ആനകള്‍ ജനപഥങ്ങളിലെത്തുന്നതിന് നിയന്ത്രണമായെന്ന്
പാലക്കാട്: മലമ്പുഴ നിയോജകമണ്ഡല പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ വരള്‍ച്ചാ നിവാരണത്തിനും വനമേഖലയില്‍ വന്യജീവികള്‍ക്ക് ജീവജലം എത്തിക്കുന്നതിനുമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ഫലപ്രദമായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ധോണി ഫോറസ്റ്റ് അതിര്‍ത്തിയില്‍ രണ്ട് കുളങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നിര്‍മിച്ചതിന്റെ ഫലമായി വേനല്‍ക്കാലത്ത് ആനകള്‍ കുടിവെള്ളത്തിനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ഒരു പരിധി വരെ തടഞ്ഞതായി അവലോകനയോഗം വിലയിരുത്തി.
മലമ്പുഴ അസംബ്ലി നിയോജകമണ്ഡല പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ. അനില്‍ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിമാസ അവലോകന യോഗമാണ് പ്രവൃത്തികള്‍ അവലോകനം ചെയ്തത്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്ചുതാനന്ദന്റെ പി.എ എന്‍. അനില്‍ കുമാര്‍ സംസാരിച്ചു. നിയോജകമണ്ഡല പരിധിയിലെ ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളിലെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്ത് പ്രവര്‍ത്ത പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മേഖലയില്‍ മത്സക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മുണ്ടൂര്‍, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലായി 40 കുളങ്ങളിലധികം നിര്‍മാണം പൂര്‍ത്തിയാക്കിവരുന്നു. 40 കുളങ്ങള്‍ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്. ജൂണ്‍ അഞ്ചിന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടുന്നതിന് മലമ്പുഴ അഗ്രിക്കള്‍ച്ചര്‍ ഫാമില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് മൂന്ന് ലക്ഷം ഫവലൃക്ഷതൈകള്‍ ഉത്പാദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
തേന്‍കനി വനം പദ്ധതിയിലൂടെ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫലവൃക്ഷതൈകളുടെ നഴ്‌സറികള്‍ ആരംഭിച്ച് 1000 വീതം മാവ്, പ്ലാവ്, പുളി നട്ടു വളര്‍ത്താനും യോഗം തീരുമാനിച്ചു. മണ്ഡല പരിധിയിലെ ട്രൈബല്‍ കോളനികളില്‍ 30 പുതിയ റോഡുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 20 കളിസ്ഥലങ്ങള്‍ നിര്‍മിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."