കുവൈത്തിലെ പൊതുമാപ്പ് 99 മലയാളികളും 27 തമിഴ്‌നാട്ടുകാരും കരിപ്പൂരിലെത്തി
കൊണ്ടോട്ടി: കുവൈത്തിലെ പൊതുമാപ്പിനെ തുടര്‍ന്ന് 99 മലയാളികളും 27 തമിഴ്‌നാട്ടുകാരും കരിപ്പൂരിലെത്തി. കുവൈത്തിലെ ഖറാഫിയ്യ ഇന്റര്‍ നാഷനല്‍ കമ്പനിയില്‍ ജോലി ചെയ്തവരാണ് മടങ്ങിയെത്തിയവരില്‍ കൂടുതലും. കമ്പനി പൂട്ടിയതോടെ ഇവര്‍ക്ക് മറ്റൊരു ജോലിക്ക് ശ്രമിക്കാന്‍ സാധിക്കാതെ വന്നിരുന്നു. താമസിക്കാനുമുള്ള അനുമതി നഷ്ടപ്പെട്ടതോടെയാണ് ഇവരെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് അയച്ചത്. കരിപ്പൂരില്‍ തിരിച്ചെത്തിയ പ്രവാസികളായ മലയാളികള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ 2000 രൂപ നോര്‍ക്ക റൂട്ട്‌സ് നല്‍കി.
ബുധനാഴ്ച 11.25നുള്ള എയര്‍ഇന്ത്യ എക്പ്രസ് വിമാനത്തിലാണ് കൂടുല്‍ പേരുമെത്തിയത്. ആടുമേക്കുന്ന ജോലിയിലും, വീട്ട് തടങ്കലില്‍ കഴിയുന്നതിനിടെ രക്ഷപ്പെട്ടവരും മടങ്ങിയെത്തിയവരില്‍ ഉള്‍പ്പെടും. മലയാളി സംഘടനകളുടേയും എംബസിയുടെയും കാരുണ്യത്തിലാണ് ഇവര്‍ക്ക് മടങ്ങാനായത്. കഴിഞ്ഞ മാസം മാത്രം കുവൈറ്റില്‍ 1724 ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു.
കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ കൂടുതലും. കന്യകുമാരി,കോയമ്പത്തൂര്‍ സ്വദേശികളും മലയാളികള്‍ക്കൊപ്പമുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ ഇവരില്‍ 20ലേറെ പേര്‍ ഔട്ട് പാസിലാണ് എത്തിയത്. മറ്റുള്ളവരുടെ പാസ്‌പോര്‍ട്ടിലും പ്രത്യേക സീല്‍പതിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് കൂട്ടത്തോടെ പ്രവാസികളെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശത്തില്‍ നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്‌ക് കരിപ്പൂരില്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."