ഇ-മെയില്‍ അപേക്ഷകര്‍ക്കും ഇനിമുതല്‍ ഫോട്ടോ പതിച്ച പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ-മെയില്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിച്ച പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംവിധാനമൊരുക്കി സംസ്ഥാന പൊലിസ് മേധാവി ഉത്തരവായി. നിലവില്‍ ഇ-മെയില്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിയ്ക്കാത്ത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് നല്‍കി വന്നിരുന്നത്.
യു.എ.ഇ വിസക്ക് അപേക്ഷിക്കുന്നവര്‍ ഇപ്പോഴുള്ള സാധുവായ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജില്‍ പതിച്ചിരിക്കുന്ന അതേ ഫോട്ടോയാണ് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിച്ച് നല്‍കുന്നതിനുവേണ്ടി ഹാജരാക്കുന്നതെങ്കില്‍ ഈ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജിന്റെ ഒരു കളര്‍ ഫോട്ടോ കോപ്പി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി സീലും ഒപ്പും പതിച്ച് ഈ രേഖയോടൊപ്പം സര്‍ട്ടിഫിക്കറ്റിനുവേണ്ടി വ്യക്തമായി പൂരിപ്പിച്ച അപേക്ഷയും ഫോട്ടോയുടെ മൂന്നുകോപ്പിയും കൊറിയര്‍ ആയോ ഇ-മെയിലിലോ ബന്ധപ്പെട്ട എസ്.എച്ച്.ഒയ്ക്ക് അയക്കണം.
അപേക്ഷകന്റെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിയ്ക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന ഫോട്ടോയും വ്യത്യസ്തമാണെങ്കില്‍ ഹാജരാക്കുന്ന ഫോട്ടോ പതിച്ച് അപേക്ഷകന്റെ പേര്, വിലാസം, പാസ്‌പോര്‍ട്ടിന്റെ നമ്പര്‍, കാലാവധി മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി ഒറിജിനല്‍ രേഖയും ഹാജരാക്കണം. ഇതോടൊപ്പം പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജിന്റെ ഒരു കളര്‍ കോപ്പിയും (ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്) വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കൊറിയര്‍ ആയോ ഇ മെയിലിലോ ബന്ധപ്പെട്ട എസ്.എച്ച്.ഒയ്ക്ക് അയക്കണം.
പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന ആളിന്റെ പേരും മറ്റ് അനുബന്ധ വിവരങ്ങളും എസ്.എച്ച്.ഒയ്ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ അയച്ചതിനുശേഷം പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ചുമതലപ്പെട്ടയാള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട എസ്.എച്ച്.ഒയെ നേരില്‍ ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സംസ്ഥന പൊലിസ് മേധാവി നിര്‍ദേശിച്ചു. യു.എ.ഇ ഒഴികെയുള്ള രാജ്യങ്ങളില്‍നിന്ന് ഇ-മെയിലായി പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഇതേ നടപടിക്രമങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവിക്കാണ് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."