ശുഹൈബ് വധം സി.ബി.ഐയ്ക്കു കൈമാറും;കുടുംബത്തിന്റെ നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കൈമാറി.
പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷണം സി.ബി.ഐക്കു വിടാമെന്നു മന്ത്രി എ.കെ ബാലന്‍ അറിയിച്ചിരുന്നു.
സി.പി.എമ്മിന്റെ ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ കൊലപാതകമെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തന്റെ മകനോട് സി.പി.എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും അസഹിഷ്ണുതയുമാണ് കൊലപാതകത്തിന് കാരണമെന്നും കത്തില്‍ പറയുന്നുണ്ട്.
ഒന്‍പതു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുകയാണ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ പ്രതികള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്താനോ പിടിച്ചെടുക്കാനോ മുഴുവന്‍ പ്രതികളെയും തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലിസിന് ഇനിയും സാധിച്ചിട്ടില്ല. കേസന്വേഷണത്തെ അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെ ഭരണ സ്വാധീനം പ്രതികള്‍ക്കനുകൂലമായി ദുരുപയോഗം ചെയ്യുന്നതാണ് കേസന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണം.
അറസ്റ്റ് ചെയ്തു എന്നു പൊലീസ് അവകാശപ്പെടുന്ന ആകാശ് രാജ്, രജിന്‍രാജ് എന്നിവരെ പാര്‍ട്ടി നേതാക്കള്‍ പൊലീസില്‍ ഹാജരാക്കിക്കൊടുത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. രഹസ്യങ്ങള്‍ ചോര്‍ത്തി പൊലീസിലെ ഒരുവിഭാഗം അന്വേഷണം തടസപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി തന്നെ മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."