അവധിക്കാലത്തിനു വിട നല്‍കി വിദ്യാര്‍ഥികള്‍ ഇന്ന് പള്ളിക്കൂടത്തിലേക്ക്
ഒലവക്കോട്: അറുപതുനാളുകള്‍ നീണ്ട അവധിക്കാലത്തിന് വിട നല്‍കി സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ ഇന്ന് പള്ളിക്കൂടത്തിലേക്ക്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നേരത്തെതന്നെ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളാണ് ഇന്നു മുതല്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ചെറിയ ക്ലാസുകളിലേക്കുള്ള കുട്ടികള്‍ പുത്തനുടുപ്പകളിട്ടും വര്‍ണ്ണക്കുട ചൂടിയും പുത്തന്‍ ബാഗുകളും പഠനോപകരണങ്ങളുമായാണ് സ്‌കൂളിലെത്തുന്നത്.
പുതിയ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളൊക്കെ പ്രവേശനോത്സവത്തിനൊരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന് മിഴിവേകാനായി സ്‌കൂളങ്കണങ്ങളും ക്ലാസ് മുറികളുമൊക്കെ അലങ്കരിച്ചുകഴിഞ്ഞു. മിക്ക സ്‌കൂളുകളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി കുരുന്നുകളടക്കമുള്ള വിദ്യാര്‍ഥികളെ പായസവും മിഠായികളുമൊക്കെ നല്‍കിയാണ് സ്‌കൂളധികൃതര്‍ വരവേല്‍ക്കുന്നത്. പാഠപുസ്തകവിതരണം ഇത്തവണയും മിക്ക സ്‌കൂളുകളിലും പൂര്‍ത്തിയായിട്ടില്ലെങ്കിലും ഈ മാസത്തോടുകൂടി പൂര്‍ത്തിയാവുമെന്ന കണക്കുകൂട്ടലിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. പതിവുപോലെ ഇത്തവണയും സ്‌കൂള്‍ വിപണിയില്‍ ഗണ്യമായ തിരക്കായിരുന്നു. പുത്തന്‍ മോഡലുകളും കാര്‍ട്ടൂണ്‍ താരങ്ങളുമൊക്കെയായി ഇത്തവണയും രക്ഷിതാക്കളുടെ കീശ കാലിയാക്കുന്നതായിരുന്നു വിപണിയെങ്കിലും വിലക്കയറ്റം കണക്കാക്കാതെ മക്കളെ സ്‌കൂളിലേക്കയക്കാനുള്ള തത്രപ്പാടിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നാടും നഗരവും സ്‌കൂള്‍ വിപണിയുടെ തിരക്കിലായിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെ അവധിക്കാലത്തിന് അത്രക്ക് പൊലിമകളൊന്നുമില്ലാതാവുകയാണ്. ആധുനിക ലോകത്തെ നൂതനസാങ്കേതിക വിദ്യകളുടെ അതിപ്രസരണവും പുതുതലമുറയിലെ കുട്ടികള്‍ ഇലക്ട്രോണിക്‌സ് യുഗത്തിന്റെ അടിമകളാവുന്നതുമാണ് അവധിക്കാലത്തിന് ഇപ്പോള്‍ പ്രസക്തിയില്ലാതാക്കുന്നത്. പണ്ടു കാലങ്ങളില്‍ അവധിക്കാലത്ത് നാട്ടിന്‍പുറങ്ങളിലെ പാടത്തും പറമ്പുകളിലും കണ്ടിരുന്ന നാടന്‍ കളികളും കുഞ്ഞുപെട്ടിക്കടകളുമൊക്കെ ഇന്ന് വിസ്മൃതിയാവുകയാണ്. വിരലുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ കീഴടക്കുന്ന യുവതലമുറകള്‍ ഇന്ന് സമൂഹമാധ്യമങ്ങളുടെ അടിമകളാവുന്നതാണ് അവധിക്കാലമുള്‍പ്പെടുയുള്ള ആഘോഷങ്ങള്‍ അവരറിയാതെ പോകുന്നത്. ഓരോ വര്‍ഷവും അവധിക്കാലങ്ങള്‍ ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമില്ലാത്ത സാഹചര്യങ്ങളാണ്. ഏതായാലും ഓരോ അവധിക്കാലങ്ങള്‍ക്കും വിട നല്‍കി പുതിയ അധ്യയനവര്‍ഷത്തിലേക്ക് ചേക്കേറുമ്പോള്‍ പാട്ടും താളവും മേളവുമായി സംസ്ഥാന സ്‌കൂളുകള്‍ ഒരുങ്ങുകയാണ്. എന്തായാലും സംസ്ഥാന വിദ്യാഭ്യാസവകുപ്പും സ്‌കൂളധികൃതരും ചേര്‍ന്നാണ് വര്‍ഷാവര്‍ഷങ്ങളില്‍ പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കുന്നത്. വീണ്ടുമൊരു അധ്യയനവര്‍ഷത്തിലേക്ക് സ്‌കൂളിന്റെ പടി കടന്നെത്തുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളൊരുങ്ങുമ്പോള്‍ വീണ്ടുമൊരു അവധിക്കാലം കൂടി ഓര്‍മ്മയാവുകയാണ്. ഇതോടെ കരഞ്ഞും ചിണുങ്ങിയും കലപില കൂട്ടുന്ന കുരുന്നുകളുടെ കോലാഹലങ്ങള്‍ക്കു നടുവില്‍ മധുരവിതരണത്തിന്റെ മേമ്പോടിയോടെ വിദ്യാലയങ്ങളും പ്രവേശനോത്സവത്തിന്റെ ലഹരിയിലാണ്. ഒരു അധ്യനവര്‍ഷത്തിന്റെ ആരംഭത്തിന്റെ അനുഗ്രഹാശിസ്സുകളോടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."