കൊലപാതകനിഴലില്‍ സംസ്ഥാന സമ്മേളനം
മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തവിധം രാഷ്ട്രീയപ്രതിരോധത്തിന്റെ നിഴലിലാണ് ഇൗ പ്രാവശ്യത്തെ സി.പി.എം സംസ്ഥാനസമ്മേളനം തൃശൂരില്‍ ചേരുന്നത്. സി.പി.എം ഭീകരപ്രസ്ഥാനമായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന രീതിയിലാണ് അതിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. അഭിമാനാര്‍ഹമായ പാരമ്പര്യത്തെയാണു തങ്ങള്‍ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് അതിന്റെ ഇപ്പോഴത്തെ നേതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.
കണ്ണൂരിലെ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് പറഞ്ഞ് പീലാത്തോസ് ചമയുകയായിരുന്നു ആദ്യം സി.പി.എം ജില്ലാസെകട്ടറി പി. ജയരാജന്‍.
എന്നാല്‍, കൊലപാതകത്തില്‍ പങ്കെടുത്തുവെന്നു പറയപ്പെടുന്ന ആകാശ് തില്ലങ്കേരി പാര്‍ട്ടിയേല്‍പിച്ച ക്വട്ടേഷനാണ് നിര്‍വഹിച്ചതെന്നും ഭരണമുള്ളത് കൊണ്ട് രക്ഷപ്പെടുത്താമെന്നു പാര്‍ട്ടി വാക്ക് നല്‍കിയിരുന്നുവെന്നും പൊലിസിന് മൊഴി നല്‍കിയപ്പോള്‍ ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അയാള്‍ പാര്‍ട്ടിക്കാരനാണെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു പി.ജയരാജന്‍
ഇങ്ങനെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ എന്തു തീരുമാനമെടുത്താലും അതു ജനങ്ങളില്‍ ഏശുമെന്നു തോന്നുന്നില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പൊതുസമൂഹത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുകയെന്നത് ആ പാര്‍ട്ടിയുടെ മരണമാണ്. ബംഗാളില്‍ സി.പി.എമ്മിന് സംഭവിച്ചതും അതാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബായില്‍ ചെക്ക് കേസില്‍ അകപ്പെട്ടതുപോലെ മുമ്പു സമുന്നതനായ ഏതെങ്കിലുമൊരു സി.പി.എം നേതാവിന്റെ മകന്‍ ഇതുപോലൊരു വഞ്ചനക്കേസില്‍ അകപ്പെട്ടിട്ടുണ്ടോ. കോടതിക്കു പുറത്തുവച്ചു കേസ് ഒത്തുതീര്‍ന്നാലും സംഭവം നടന്നതു തന്നെയാണല്ലോ.
ഇതൊന്നും ഒരിക്കല്‍കൂടി സംസ്ഥാനസെക്രട്ടറിയാകുന്നതില്‍ കോടിയേരി ബാലകൃഷ്ണനു തടസ്സമാകില്ലെന്നു വരുമ്പോള്‍ കേരളത്തില്‍ ആ പാര്‍ട്ടി എത്തിനില്‍ക്കുന്ന അവസ്ഥ ഏറെ പരിതാപകരം തന്നെ.
പറയത്തക്ക ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ശുഹൈബിന്റെ കൊലപാതക നിഴലും സി.പി.എം നേതാക്കള്‍ തന്നെ സമ്മതിക്കുന്ന പൊലിസിലെ വര്‍ഗീയതയും 20 മാസത്തെ ഭരണപരാജയമാകുമ്പോള്‍ തുടര്‍ഭരണമെന്ന സി.പി.എം സ്വപ്നം സ്വപനമായിത്തന്നെ അവശേഷിക്കാനുള്ള സാധ്യതകളാണ് ഏറെ.
475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാലു ക്ഷണിതാക്കളും ഉള്‍ക്കൊള്ളുന്ന 566 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ചുരുങ്ങിയ പക്ഷം ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെ ഭരണനിലവാരത്തിലെങ്കിലും കേരളത്തിലെ ഭരണം മുന്നോട്ടു കൊണ്ടുപോകണമെന്ന തീരുമാനമുണ്ടായാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് അതിജീവന സാധ്യതയുണ്ട്.
ദാരിദ്ര്യത്തിന്റെ രുചി നിത്യേനയെന്നോണം അനുഭവിച്ച സംസ്ഥാന സെക്രട്ടറി ഉണ്ടായിരുന്നു സി.പി.എമ്മിന്, സഖാവ് എന്ന വിശേഷണത്തിനു തികച്ചും അര്‍ഹനായിരുന്ന ചടയന്‍ ഗോവിന്ദന്‍.
20 മാസത്തെ ഭരണത്തില്‍ സമൂഹത്തിന്റെ ആദരം നേടിയെടുത്ത എന്ത് നേട്ടമാണ് പാര്‍ട്ടിക്ക് സമ്മേളനത്തിന് മുമ്പാകെ സമര്‍പ്പിക്കാനുള്ളത്. ബാര്‍ കോഴക്കേസില്‍ അഴിമതി നടത്തിയ മന്ത്രിയായാണ് കെ.എം മാണിയെ സി.പി.എം കേരളത്തിലുടനീളം പ്രചരിപ്പിച്ചത്.
ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹത്തെ അനുവദിക്കാതെ സ്പീക്കറുടെ ഡയസ് തകര്‍ത്ത് കസേര വലിച്ചെറിഞ്ഞ ഇ.പി ജയരാജന്‍ ഇപ്പോള്‍ പറയുന്നു മാണി അടിത്തറയുള്ള നേതാവാണെന്ന്. ജനം എങ്ങനെയാണു സി.പി.എമ്മിനെ വിശ്വാസത്തിലെടുക്കുക.
അന്യരെ വെട്ടി നുറുക്കുന്നതിനു പകരം പാര്‍ട്ടിയെ ബാധിച്ച അധികാരമോഹവും ജീര്‍ണതകളുമാണ് അരിഞ്ഞുകളയേണ്ടത്.
തുടര്‍ഭരണം സാധ്യമാകുംവിധം സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണമെന്നായിരുന്നു അധികാരത്തില്‍ വന്നയുടനെ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചത്. എന്നിട്ടെന്താണിപ്പോള്‍ സംഭവിച്ചത്്. പാര്‍ട്ടിയും ഭരണവും ഒരാളുടെ കൈയില്‍ ഒതുങ്ങിയതിന്റെ ദുരന്തമാണിപ്പോള്‍ സി.പി.എം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ കൈയും കാലും കൊത്തിനുറുക്കി രാഷ്ട്രീയത്തില്‍ നൂറുമേനി കൊയ്യാമെന്ന വ്യാമോഹം ഉപേക്ഷിച്ചു മുഴുവന്‍ മനുഷ്യരുടെയും നന്മ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനശൈലിക്കാണു സി.പി.എം സംസ്ഥാനസമ്മേളനത്തിലെ ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്കു കേരളത്തില്‍ ഇനിയും ഭാവിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."