ഷെഡ്യൂള്‍ എച്ച്, എച്ച് 1 മരുന്നുകള്‍ വില്‍ക്കുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: ചില്ലറ മരുന്നുവ്യാപാര സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ എച്ച്, എച്ച് 1 മരുന്നുകള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഡ്രഗ്സ് കണ്‍ട്രോളറുടെ ഉത്തരവ്. ഈ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ വില്ക്കാന് പാടുള്ളൂ. വ്യക്തമായ വില്‍പ്പന ബില്ലുകള്‍ നല്‍കുകയും വേണം. ലഹരിക്കായി ഉപയോഗിക്കാന്‍ സാധ്യതയുള്ള എച്ച് 1 വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളുടെ സ്റ്റോക്ക്, വില്‍പ്പന വിവരങ്ങള്‍ നിര്‍ദിഷ്ട മാതൃകയിലുള്ള രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. കുറിപ്പടിയില്‍ വില്‍പ്പന നടത്തിയതായി രേഖപ്പെടുത്തുകയും വേണം.
കൊഡീന്‍ അടങ്ങിയ കഫ് സിറപ്പുകള്‍, മാനസികാരോഗ്യ ചികിത്സക്കായുള്ള മരുന്നുകള്‍, ചില പ്രത്യേകയിനം വേദന സംഹാരികള്‍ എന്നിവ വാങ്ങുമ്പോഴും വില്ക്കുമ്പോഴും ചില്ലറ മരുന്നു വ്യാപാരികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഇത്തരം മരുന്നുകള്‍ അന്യ സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതായും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. മരുന്നുകടത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള മരുന്നു വില്പ്പനഎന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനെയോ ഡ്രഗ്സ് കണ്ട്രോള് ഓഫിസിലോ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."