ഖത്തറിന്റെ പുതിയ സുരക്ഷാ സഖ്യ രൂപീകരണ നിര്‍ദേശം സഊദിഅറേബ്യ തള്ളി
റിയാദ്: യൂറോപ്യന്‍ യൂനിയനു സമാനമായി പ്രാദേശിക സുരക്ഷാ സഖ്യം രൂപീകരിക്കണമെന്ന ഖത്തറിന്റെ ആവശ്യം സഊദി അറേബ്യ തള്ളി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശമാണ് സഊദി തള്ളിയത്. ഖത്തര്‍ നിര്‍ദേശിച്ചത് പോലെ ഒരു സുരക്ഷാ സഖ്യം രൂപീകരിക്കുന്നതില്‍ സഊദിക്ക് താല്‍പര്യമില്ലെന്നും ഖത്തര്‍ ഉള്‍പ്പെടുന്ന സഖ്യത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സഊദി തയ്യാറല്ലെന്നും സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
നിലവില്‍ ദശകങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഇത്തരമൊരു സഖ്യം നിലവിലുണ്ടെന്നും അതിനാല്‍ തന്നെ പുതിയൊരു സഖ്യത്തിന് പ്രസക്തിയില്ലെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളന യോഗത്തിലാണ് ഖത്തര്‍ അമീര്‍ പുതിയൊരു സഖ്യത്തെ കുറിച്ച് വ്യക്തമാക്കിയത്. മേഖലയെ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനു യൂറോപ്യന്‍ യൂനിയന്‍ സമാനമായ രൂപത്തില്‍ പ്രാദേശിക സുരക്ഷാ സഖ്യം രൂപീകരണ കരാര്‍ ഒപ്പു വെക്കണമെന്നും തര്‍ക്കങ്ങള്‍ മാറ്റി വെക്കണമെന്നുമാണ് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തത്.
അതേസമയം, ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് സ്വബാഹ് നേരത്തെ നടത്തിയ ശക്തമായ ശ്രമങ്ങളെ ഖത്തര്‍ വിലകുറച്ചു കാണിക്കുകയാണെന്നും ആരോപണമുണ്ട്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി കഴിഞ്ഞ ദിവസം ഖത്തര്‍ ശൂറ കൗണ്‍സില്‍ മുന്നില്‍ വിദേശ നയങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനു അമേരിക്ക മാത്രമാണ് ശ്രമം നടത്തുന്നതെന്ന് പ്രസ്താവിച്ചിരുന്നു. ഇത് കുവൈത്ത് ശ്രമങ്ങളെ വിലകുറച്ചു കാണുന്നതിന് തുല്യമാണെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."