റോഹിംഗ്യകളെ വിജന ദ്വീപില്‍ 'ഉപേക്ഷിക്കാനൊരുങ്ങി' ബംഗ്ലാദേശ്
ജനവാസ യോഗ്യമല്ലാത്തതും ചുഴലിക്കാറ്റുകള്‍ പതിവായതുമായ ബസാന്‍ ചാറിലേക്കാണ് അഭയാര്‍ഥികളെ മാറ്റുന്നത്
ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളെ വിജന ദ്വീപിലേക്ക് മാറ്റിത്താമസിപ്പിക്കാനൊരുങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കടലിലെ ചളികള്‍ നിറഞ്ഞ ബസാന്‍ ചാര്‍ ദ്വീപിലേക്ക് 100,000 പേരെ മാറ്റിത്താമസിപ്പിക്കാനാണ് നീക്കം. മ്യാന്‍മര്‍ സര്‍ക്കാരിന്റെയും ബുദ്ധ സന്ന്യാസികളുടെയും ആക്രമണങ്ങളെ തുടര്‍ന്ന് പലായനം ചെയ്ത് റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ബാഹുല്യത്താലാണ് മാറ്റിത്താമസിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത 700,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിലവില്‍ കോക്‌സ് ബസാറിലെ ക്യാംപിലാണ് താമസിക്കുന്നത്.
താഴ്ന്ന ദീപായ ബസാന്‍ ചാറിലേക്ക് റോഹിംഗ്യന്‍ അഭയാര്‍ഥികളെ 'താല്‍ക്കാലികമായി' മാറ്റിത്താമസിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നുവെന്നും ഇത് കോക്‌സ് ബസാറിലെ ജന ബാഹുല്യത്തിന് കുറവ് വരുത്താന്‍ സാധിക്കുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പറഞ്ഞു.
കോക്‌സ് ബസാര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപല്ലെന്നും എന്നാല്‍ ഇവിടെ ചില നിയന്ത്രണങ്ങളുണ്ടാവുമെന്ന് ശൈഖ് ഹസീനയുടെ ഉപദേഷ്ടാവ് എച്ച്.ടി ഇമാം പറഞ്ഞു. റോഹിംഗ്യകള്‍ക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ നല്‍കില്ല. 50 ഓളം സായുധ സേന ദ്വീപിന്റെ സുരക്ഷയ്ക്കായുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപിലേക്കുള്ള അഭയാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് തീരുമാനമായിട്ടില്ലെന്നും എന്നാല്‍ നറുക്കെടുപ്പിലൂടെയോ സ്വയം സന്നദ്ധതയുടെയോ അടിസ്ഥാനത്തിലായിരിക്കും ഇത് തീരുമാനിക്കുകയെന്ന് എച്ച്.ടി ഇമാം പറഞ്ഞു.
മഴക്കാലത്തിന് മുന്‍പ് അഭയാര്‍ഥികളെ മാറ്റിത്താമസിപ്പിക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം. ഏപ്രിലിലാണ് ബസാന്‍ ചാറില്‍ മഴക്കാലം എത്തുക. അഭയാാര്‍ഥികള്‍ക്കായുള്ള പാര്‍പ്പിടങ്ങള്‍ തയാറാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടിഷ്, ചൈനീസ് കമ്പനികളാണ് ഏറ്റെടുത്തിരിക്കുന്നത്. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചു.
എന്നാല്‍ ജനവാസമില്ലാത്തതും ജീവന് ഭീഷണിയുള്ളതുമായ ഹസാന്‍ ചാര്‍ ദ്വീപിലേക്ക് ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനെതിരേ നേരത്തെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള തീരുമാനം 2015ലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പതിവായി ചുഴലിക്കാറ്റുകള്‍ അടിച്ചുവീശാറുള്ള ഇവിടെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചിരുന്നു. ഇവിടെയുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈയ്യിടെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരംഭിച്ചത്.ബസാന്‍ ചാര്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ അസ്ഥിരമായ ദ്വീപെന്നാണ്. ഒരു വര്‍ഷം മുന്‍പ് ഇവിടെ സന്ദര്‍ശിച്ച റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകന് ഇവിടെ കെട്ടിടങ്ങളോ മനുഷ്യരോ റോഡുകളോ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ മാസം 14ന് വീണ്ടും ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ നൂറുകണക്കിന് തൊഴിലാളും കപ്പലുകളില്‍ നിന്ന് കല്ലുകളും മണലും ഇറക്കുമതി ചെയ്യുന്നുത് കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്വീപില്‍ ആരംഭിക്കുന്നുണ്ടെന്ന് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."