മഹാരാഷ്ട്രയില്‍ 1.8 ലക്ഷം കോടി ചെലവില്‍ റിഫൈനറി സ്ഥാപിക്കാന്‍ സഊദി അരാംകോ പദ്ധതി
റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സഊദി അരാംകോ ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നു. 1.8 ലക്ഷം കോടി ചെലവില്‍ റിഫൈനറിയും 33,000 കോടി ചെലവില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സും നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുന്ന സഊദി ഊര്‍ജ വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലാണ് കൂറ്റന്‍ റിഫൈനറി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. സഊദി ഊര്‍ജ മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയെ കൂടാതെ അബൂദബി നാഷനല്‍ എണ്ണ കമ്പനിയും(അഡ്‌നോക്) ലോകത്തെ ഏറ്റവും വലിയ റിഫൈനറി കം പെട്രോകെമിക്കല്‍ പ്ലാന്റ് നിര്‍മാണത്തിനു സമ്മതമറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്ത്യ സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സ് ഈയിനത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലുതായിരിക്കുമെന്നാണു കരുതപ്പെടുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ഓഹരിയിലാണു പദ്ധതി നടപ്പാക്കുന്നത്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ 33,000 കോടി ഇന്ത്യന്‍ രൂപ ചെലവില്‍ 1.5 മില്യന്‍ ടണ്‍ ശേഷിയുള്ള പെട്രോകെമിക്കല്‍ കോംപ്ലക്‌സും നിര്‍മിക്കാന്‍ സഊദി അരാംകോ തയാറായിട്ടുണ്ട്. സഊദിയുടെ ഏറ്റവും വലിയ വ്യാപാര കക്ഷിയായ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ സഊദി അരാംകോ സന്നദ്ധത അറിയിച്ചതായി കേന്ദ്രമന്ത്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു വ്യക്തമാക്കി. നിലവില്‍ വര്‍ഷംതോറും അരാംകോ ഇന്ത്യയ്ക്ക് 36.5 ടണ്‍ എണ്ണ നല്‍കിവരുന്നുണ്ട്.
നേരത്തെയും അരാംകോ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സന്നദ്ധമായിരുന്നു. പിന്നീട് ഇതില്‍നിന്നു പിന്മാറുകയായിരുന്നു. 2006ല്‍ ഒഡിഷ റിഫൈനറിയിലും സഊദി അരാംകോ നിക്ഷേപമിറക്കാന്‍ സന്നദ്ധമായിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സിനൊപ്പമുള്ള റിഫൈനറി 2022ഓടെ കമ്മിഷന്‍ ചെയ്യാനാണു പദ്ധതി. രണ്ടാംഘട്ടത്തില്‍ ആറ് മില്യന്‍ ടണ്‍ ശേഷിയുള്ള എണ്ണസംഭരണ ടാങ്കും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
പെട്രോളിയം റിസര്‍വേഴ്‌സ് പദ്ധതിയുടെ ഭാഗമായി മംഗളൂരുവില്‍ നിര്‍മിച്ച ഒന്നാംഘട്ട പദ്ധതിയായ ഭൂമിക്കടിയിലെ 1.5 ടണ്‍ ശേഷിയിലുള്ള എണ്ണസംഭരണ ടാങ്കില്‍ അഡ്‌നോക് പകുതിയോളം എണ്ണ സംഭരണം നടത്തിക്കഴിഞിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ടം ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."