സിറിയയില്‍ മനുഷ്യക്കുരുതി തുടരുന്നു; അടിയന്തര പ്രമേയത്തിന് യു.എന്‍; എതിര്‍പ്പുമായി റഷ്യ
യുനൈറ്റഡ് നാഷന്‍സ് /ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ പ്രമേയം പാസാക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ അടിയന്തരനീക്കം. മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് യു.എന്‍ രക്ഷാസമിതി നീക്കം നടത്തുന്നത്. എന്നാല്‍, യു.എന്‍ നടപടിയില്‍ മാറ്റം ആവശ്യപ്പെട്ട് സിറിയയുടെ സഖ്യകക്ഷിയായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ ആറാം ദിവസവും കിഴക്കന്‍ ഗൗഥയില്‍ സര്‍ക്കാര്‍ സൈന്യം നടപടി തുടരുകയാണ്. നൂറോളം പേരാണ് ഇവിടെ ഇന്നലെയും കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി കുഞ്ഞുങ്ങളും ഉള്‍പ്പെടും. വിമത നിയന്ത്രണത്തിലുള്ള സിറിയന്‍ നഗരമാണ് ഗൗഥ.
കിഴക്കന്‍ ഗൗഥയില്‍ 30 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് യു.എന്‍ നീക്കം നടത്തുന്നത്. മേഖലയില്‍ അടിയന്തരമായ മരുന്നുകളും അവശ്യ വസ്തുക്കളും എത്തിക്കാനായാണ് ഇത്രയും ദിവസത്തെ സമാധാന സ്ഥിതി തുടരാന്‍ യു.എന്‍ ആവശ്യപ്പെടുന്നത്. ഇതിനായി തയാറാക്കി രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് അയച്ച കരടു പ്രമേയത്തില്‍ മാറ്റം വരുത്തണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. കുവൈത്തും സ്വീഡനും ചേര്‍ന്നാണ് പ്രമേയം തയാറാക്കി രക്ഷാസമിതിക്കു മുന്‍പാകെ സമര്‍പ്പിച്ചത്. പ്രമേയം പ്രാബല്യത്തില്‍ വന്ന് 48 മണിക്കൂറിനകം ആവശ്യമായ മെഡിക്കല്‍ സംഘങ്ങളെ സിറിയയിലേക്ക് അയക്കും. രാജ്യത്ത് 5.6 മില്യന്‍ ജനങ്ങള്‍ക്ക് അടിയന്തരമായ വൈദ്യസഹായം ആവശ്യമുണ്ടെന്ന് കരടുപ്രമേയത്തില്‍ പറയുന്നു.
എന്നാല്‍, റഷ്യയുടെ നിലപാടിനെതിരേ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ജനതയ്‌ക്കെതിരായ കടുത്ത നരമേധത്തെ പിന്തുണക്കുന്ന നയമാണ് റഷ്യയുടേതെന്നാണു പൊതു ആരോപണം. ഈ പ്രമേയം പാസാക്കിയെടുക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടാല്‍ യു.എന്‍ എന്ന സംവിധാനത്തിന്റെ തന്നെ അന്ത്യമായിരിക്കും അതെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. ബശ്ശാറുല്‍ അസദ് നേരത്തെ തന്നെ യുദ്ധക്കുറ്റവാളിയാണെന്ന് അമേരിക്ക ആരോപിച്ചു. പ്രമേയം പാസാക്കുന്ന കാര്യത്തില്‍ ഒരു തരത്തിലുമുള്ള കാലവിളംബം അനുവദിക്കരുതെന്ന നിലപാടിലാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍.
സിറിയന്‍ സൈന്യം വിമത പ്രദേശമായ കിഴക്കന്‍ ഗൗഥയില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളും ഉടന്‍ പിന്മാറണമെന്നും അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."