സീറോ വേസ്റ്റ് പദ്ധതി ജനത്തിന്റെ ആശങ്കയകറ്റി നടപ്പാക്കും: കലക്ടര്‍
കോഴിക്കോട്: ശുചിത്വവര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതി ജനങ്ങളുടെ ആശങ്കയകറ്റി മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ലാ കലക്ടര്‍. പദ്ധതി നടത്തിപ്പിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനെതിരേ ജില്ലയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന അകാരണമായ പ്രക്ഷോഭം പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനും ചില പ്രദേശങ്ങളില്‍ പദ്ധതിക്കെതിരേ നടക്കുന്ന പ്രതിഷേധം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ 70 പഞ്ചായത്തുകളില്‍ 63 പഞ്ചായത്തുകള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 22 പഞ്ചായത്തുകള്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 12 പഞ്ചായത്തുകള്‍ക്കു പദ്ധതി നിര്‍വഹണത്തിനായി 61 ലക്ഷം രൂപ ശുചിത്വമിഷന്‍ ഈ ആഴ്ച അനുവദിക്കും.
നിലവില്‍ 22 തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യശേഖരണം തുടങ്ങിക്കഴിഞ്ഞു. ഇനിയും ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നോട്ടിസ് നല്‍കും. പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട പ്രൊജക്ട് ക്ലിനിക് തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്താനും തീരുമാനിച്ചു. പൊതുജനാരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളുടെ ആശങ്കകളകറ്റി പദ്ധതി നിര്‍വഹണം നടത്തുന്നതിന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പിന്തുണ അറിയിച്ചു.
ഉറവിട മാലിന്യ സംസ്‌ക്കരണ രീതിയും അജൈവ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാനുള്ള നടപടികളുമാണ് സീറോ വേസ്റ്റ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിക്കാനും വീടുകളില്‍ നിന്നു അജൈവ മാലിന്യങ്ങള്‍ സംഭരിക്കാനുമായി എല്ലാ പഞ്ചായത്തുകളിലും ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്.
വീടുകളില്‍ നിന്നു ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ തരംതിരിക്കാന്‍ പഞ്ചായത്തുകളില്‍ എം.സി.എഫുകളും( മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) അജൈവ വസ്തുക്കള്‍ ചെറു കഷണങ്ങളാക്കി പുനചംക്രമണം ചെയ്യാനായി എം.ആര്‍.എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി) ബ്ലോക്ക്-നഗരസഭകളിലും സ്ഥാപിക്കുന്ന നടപടിയാണ് പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ നടക്കുന്നത്.
അതിനിടെ തോടന്നൂര്‍, ചേളന്നൂര്‍ ബ്ലോക്കുകളില്‍ എം.ആര്‍.എഫുകള്‍ക്കെതിരേ പ്രതിഷേധം നടക്കുകയാണ്. പേരാമ്പ്ര ബ്ലോക്കില്‍ പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എം.ആര്‍.എഫ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഒളവണ്ണ, കുന്നുമ്മല്‍, തൂണേരി ബ്ലോക്കുകളിലും ശ്വചിത്വമിഷന്റെ ഇടപെടല്‍ മൂലം എം.ആര്‍.എഫ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണെന്ന് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സി. കബനി അറിയിച്ചു.
എം.ആര്‍.എഫുകളും എം.സി.എഫുകളും ജനവാസ കേന്ദങ്ങളില്‍ സ്ഥാപിക്കുന്നതുമൂലം ആരോഗ്യ പ്രശ്‌നങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നും സാംക്രമിക രോഗങ്ങളെ തുടച്ചുനീക്കാന്‍ സഹായിക്കുമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍, അസി. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."