പി.എന്‍.ബി തട്ടിപ്പ്: നീരവ് മോദി ഗ്രൂപ്പിന്റെ 523 കോടി രൂപയുടെ ആസ്തി കൂടി കണ്ടുകെട്ടി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദി ഗ്രൂപ്പിന്റെ 523 കോടി രൂപയുടെ ആസ്തി കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കണ്ടെടുത്തു. സാമ്പത്തിക തട്ടിപ്പ് വിരുദ്ധ നിയമപ്രകാരമാണ് നടപടി.
മുംബൈയിലെ വോര്‍ളി മേഖലയിലുള്ള സമുദ്ര മഹല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മുമ്പിലുള്ള ഫ്‌ലാറ്റുകളും കെട്ടിടങ്ങളും പിടിച്ചെടുത്തവയില്‍ ഉണ്ട്.
നീരവ് മോദിയുടെയും കമ്പനിയുടെയും ഉടമസ്ഥയിലുള്ള 21 സ്ഥാവര വസ്തുക്കളാണ് പിടിച്ചെടുത്തത്. അഞ്ച് താമസ കെട്ടിടങ്ങള്‍, പത്ത് ഓഫിസ് കെട്ടിടങ്ങള്‍, പൂനെയിലെ രണ്ട് ഫ്‌ലാറ്റ്, ഒരു സോളാര്‍ പവര്‍ പ്ലാന്റ്, ആലിബാഗിലെ ഫാംഹൗസ്, അഹമദ്‌നഗര്‍ ജില്ലയിലെ കര്‍ജാത്തിലുള്ള 135 ഏക്കര്‍ സ്ഥലം എന്നിവയാണ് പിടിച്ചെടുത്ത മൊത്തം ആസ്തികള്‍.
നേരത്തെ, നീരവ് മോദിയുടെയും പ്രൊമോട്ടറായ ഗീതാജ്ഞലി ഗ്രൂപ്പ് മേധാവി മെഹുല്‍ ചോക്‌സിയുടെയും 100 കോടി രൂപ മതിപ്പുള്ള മ്യൂച്വല്‍ ഫണ്ടുകളും ഷെയറുകളും ഇ.ഡി മരവിപ്പിച്ചിരുന്നു. കൂടാതെ, ഒന്‍പത് ആഢംബര കാറുകളും പിടിച്ചെടുത്തിരുന്നു.
ബുനധാഴ്ച, ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 145.74 കോടി രൂപ കണ്ടെടുത്തിരുന്നു. 141 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായാണ് ഇത്രയും തുക പിടിച്ചെടുത്തത്.
ഇന്നത്തെ പിടിച്ചെടുക്കലോടെ, കേസില്‍ മൊത്തം 6,393 കോടി രൂപയുടെ സ്വത്തുക്കള്‍ നീരവ് മോദി ഗ്രൂപ്പില്‍ നിന്ന് വിവിധ ഏജന്‍സികള്‍ പിടിച്ചെടുത്തു.
അതിനിടെ, കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി, ഭാര്യ ആമി, അമ്മാവന്‍, ചോസ്‌കി എന്നിവര്‍ക്ക് ഇ.ഡി സമന്‍സ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."