കോമണ്‍വെല്‍ത്ത് ഗെയിംസ്: രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യന്‍ സൈക്ലിങ് ടീമില്‍
തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഒന്‍പതംഗ സൈക്ലിങ് ടീമില്‍ രണ്ട് മലയാളി താരങ്ങളും. കോഴിക്കോട് തിരുവമ്പാടി പുതുപ്പറമ്പില്‍ അലീന റെജിയും തിരുവനന്തപുരം തുണ്ടത്തില്‍ സനു രാജുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച കേരളത്തിന്റെ അഭിമാന താരങ്ങള്‍. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരില്‍ നിന്നാണ് ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഈ വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. അഞ്ച് വനിതകളും നാല് പുരുഷന്‍മാരും ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം.
നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഉജ്വല പ്രകടനം കാഴ്ചവച്ചാണ് അലീനയും സനുവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനൊരുങ്ങുന്നത്. 2012ല്‍ ഏറ്റവും മികച്ച കോച്ചിനുള്ള ദ്രോണാചാര്യ പുരസ്‌കാരം നേടിയ ചന്ദ്രന്‍ ചെട്ടിയാരുടെ കീഴിലാണ് അലീനയും സനുവും സൈക്ലിങ് പരിശീലനം ആരംഭിച്ചത്.
എട്ടാം ക്ലാസില്‍ വച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട അലീന തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലുള്ള എസ്.എന്‍.വി.എച്ച്.എസ്.എസില്‍ നിന്നാണ് പരിശീലനം നേടി സൈക്ലിങ് രംഗത്ത് ശ്രദ്ധേയയാകുന്നത്. പത്താം ക്ലാസ് പഠനത്തിന് ശേഷം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിച്ചു. ദേശീയ തലത്തില്‍ എട്ട് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകള്‍ അലീന നേടിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ രണ്ട് വെള്ളിയും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഏഷ്യാ ഇന്‍ഡോറില്‍ ഒരു വെള്ളിയും നേടിയിട്ടുള്ള അലീന രാജ്യാന്തര തലത്തിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്. ഇന്ത്യയിലെ സൈക്ലിങ് താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരിയായ അലീന ട്രാക്ക് സൈക്ലിങ് ഇനങ്ങളിലാണ് മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ടീമിലെ ഒന്നാം സ്ഥാനക്കാരിയായ ദിബോറ ഹെറോള്‍ഡുമൊത്താണ് ടീം ഇനങ്ങളില്‍ അലീന ഇറങ്ങുന്നത് എന്നതിനാല്‍ കേരള താരത്തിന്റെ കൂടി മികവില്‍ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
2016ല്‍ ദേശീയ ചാംപ്യനായ സനു എയര്‍ഫോഴ്‌സിന്റെ പ്രതിനിധിയായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയില്‍ പുല്ലാന്നിവിള, തുണ്ടത്തില്‍ ലിസി ഭവനില്‍ രാജുവിന്റേയും ലിസിയുടേയും മകനായ സനു മാധവ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ സൈക്ലിങ് പരിശീനം ആരംഭിക്കുന്നത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ ദേശീയ തലത്തില്‍ മത്സരിക്കാനിറങ്ങിയ സനു ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ പങ്കെടുത്ത് അന്താരാഷ്ട്ര തലത്തില്‍ ഓരോ സ്വര്‍ണം, വെള്ളി, രണ്ട് വെങ്കലം മെഡലുകള്‍ നേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ 11 സ്വര്‍ണം എട്ട് വെള്ളി, നാല് വെങ്കലം മെഡലുകളും താരം കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. ടീം സ്പ്രിന്റിലും വ്യക്തിഗത സ്പ്രിന്റ് ഇനങ്ങളിലുമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുക.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇതുവരെ സൈക്ലിങ്ങില്‍ ഉജ്വല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇന്ത്യക്കായിട്ടില്ലെങ്കിലും ഇത്തവണ ഒരു സ്വര്‍ണമെങ്കിലും നേടാനാകുമെന്നാണ് സൈക്ലിങ് ഫെഡറേഷന്റെയും പ്രതീക്ഷ. കേരളത്തിന്റെ താരങ്ങളുടെ പങ്കാളിത്തവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."