വീരചരിതമെഴുതി വീണ്ടും ഇന്ത്യയുടെ പെണ്‍ പുലികള്‍
കേപ് ടൗണ്‍: ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മറ്റൊരു വീര ചരിതം കൂടി രചിച്ചു. ടി20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതാ സംഘം ഇരട്ട നേട്ടം തികച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തില്‍ 54 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ കീഴടക്കിയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ മൂന്നാം പോരാട്ടത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. നാലാം മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചതോടെ അഞ്ചാം പോര് നിര്‍ണായകമായി. വിജയത്തോടെ പരമ്പര 3-1നാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 18 ഓവറില്‍ 112 റണ്‍സില്‍ അവസാനിപ്പിച്ചാണ് വനിതാ ടീം വിജയം പിടിച്ചത്.
167 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ശിഖ പാണ്ഡെ, രുമേലി ധര്‍, രാജേശ്വരി ഗെയിക്‌വാദ് എന്നിവരുടെ മാരക ബൗളിങാണ് വെട്ടിലാക്കിയത്. 27 റണ്‍സെടുത്ത മരിസന്നെ കാപ്, 25 റണ്‍സെടുത്ത ട്രേ്യാന്‍ എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.
നേരത്തെ ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ സ്മൃതി മന്ധനയെ പുറത്താക്കി ഇന്ത്യയെ ഞെട്ടിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിതാലി രാജ്- ജെമിമ റോഡ്രിഗസ് എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. മിതാലി 50 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ജെമിമ 34 പന്തില്‍ 44 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് 17 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. മിതാലി രാജാണ് കളിയിലേയും പരമ്പരയിലേയും താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."