ശുഹൈബ് വധം: സമര തീരുമാനം കെ.പി.സി സിക്ക് വിട്ട് ഡി.സി.സി, സുധാകരന്റെ നിരാഹാരം ഏഴ് ദിവസം പിന്നിട്ടു
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രിയകാര്യ സമിതി അംഗം കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഏഴ് ദിവസം പിന്നിട്ടു. സുധാകരന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഡി.സി.സി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ തിക്കിതിരക്കി എത്തുന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാകുന്നില്ല.
ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതു പോലെ സന്ദര്‍ശകര്‍ അകലം പാലിക്കണമെന്നും ഹസ്തദാനം ചെയ്യരുതെന്നും ഡി.സി.സി നേതൃത്വം കലക്ട്രേറ്റിനു മുന്‍പിലെ സമരപന്തലില്‍ എത്തുന്നവരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പിലാക്കാന്‍ കഴിയുന്നില്ല.
ആരോഗ്യ നില വഷളായതിനാല്‍ അറസ്റ്റിന് വഴങ്ങി ആശുപത്രിയിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടവും പൊലസും വീണ്ടും ആവശ്യപ്പെട്ടു. അതേസമയം തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ സമരം ഏതു രീതിയില്‍ നടത്തണമെന്ന തീരുമാനം ഡി.സി.സി നേതൃയോഗം കെ.പി.സി.സിക്ക് വിട്ടു.
സമരം സര്‍ക്കാറില്‍ വലിയ തോതിലുള്ള ജനകീയ സമ്മര്‍ദ്ദമായി മാറ്റാന്‍ സാധിച്ചതായി ഡി.സി.സി നേതൃയോഗം വിലയിരുത്തി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനുസരിച്ച് മുന്നോട്ട് പോകും. ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ പൊലിസ് ആദ്യഘട്ടത്തില്‍കാട്ടിയ അലംഭാവവും പൊലിസിന് മേല്‍ ഉള്ള സി.പി.എം സമ്മര്‍ദ്ദവും അതിജീവിച്ച് കോണ്‍ഗ്രസ് നടത്തിയ സഹനസമരം കാരണം പൊലിസിന് യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനുള്ള ഇടപെടല്‍ നടത്തേണ്ടതായി വന്നുവെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."