ശുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരു സി.പി.എം പ്രവര്ത്തകന് കൂടി അറസ്റ്റില്‍. തില്ലങ്കേരി മുടക്കോഴി കുറവോട്ട് വീട്ടില്‍ ജിതിന്(23)ആണ് അറസ്റ്റിലായത്. ഇതോടെ ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
മുഴക്കുന്ന് പൊലിസ് സ്റ്റേഷന് പരിധിയിലെ മുടക്കോഴിയില്‍ നിന്ന് ഇയാളെ മട്ടന്നൂര്‍ സി.ഐ എ.വി ജോണും സംഘവുമാണ് അറസ്റ്റുചെയ്തത്. ജിതിനെ ചോദ്യംചെയ്തു വരികയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ജിതിനെന്ന് പൊലിസ് പറഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ കൊലയാളി സംഘത്തിലുണ്ടായിരുന്ന നാല് പേരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട രണ്ടുപേരുമാണ് ഇതുവരെ അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ ഒരാളെകൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു. പാലയോട് തെരുവിലെ അഷ്കര്‍, അഖില്‍, തില്ലങ്കേരിയിലെ അന്‍വര്‍ സാദത്ത് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സംഘം സഞ്ചരിച്ചിരുന്ന വാടകക്കെടുത്ത വാഗണ്‍ ആര് കാര്‍ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പാപ്പിനിശ്ശേരി അരോളി സ്വദേശിയായ പ്രശോഭിന്റെതാണ് കാര്‍. അംഗീകാരമില്ലെങ്കിലും കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്നയാളാണ് പ്രശോഭ്. സുഹൃത്തും ടി.വി.എസിലെ ജീവനക്കാരനുമായ വൈശാഖ് പറഞ്ഞിട്ടാണ് അഖിലിന് കാര്‍ മൂന്നു ദിവസത്തേക്ക് വാടകക്ക് കൊടുത്ത്.
13ന് തിരിച്ചേല്പ്പിക്കേണ്ടതായിരുന്നുവെങ്കിലും എത്താത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോഴാണ് 14ന് കാര്‍ തിരിച്ചുകൊടുത്തതെന്നുമാണ് പ്രശോഭ് പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."