വെടിനിര്‍ത്തല്‍ കാറ്റില്‍പറത്തി സിറിയ ആക്രമണം തുടരുന്നു
ദമസ്കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സൈന്യം വ്യോമാക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതി ഐക്യകണ്ഠ്യേന പാസാക്കിയ വെടിനിര്‍ത്തല്‍ പ്രമേയത്തെ കാറ്റില്‍പറത്തിയാണ് സിറിയയുടെ നടപടി.
ഇന്നലെ സൈന്യം നടത്തിയ ബോംബുവര്‍ഷത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണു വിവരം. 16 പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കിഴക്കന്‍ ഗൗഥയിലെ പ്രധാന നഗരായ ദൗമയിലാണ് ഇന്നലെ ആക്രമണം നടന്നത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ്(എസ്.ഒ.എച്ച്.ആര്) ആണു വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്നലത്തെ ആക്രമണത്തില്‍ സൈനികര്‍ക്കും പരുക്കേറ്റതായി എസ്.ഒ.എച്ച്.ആര് വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, ആക്രമണം അവസാനിപ്പിക്കാന്‍ സിറിയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഫ്രാന്‍സും ജര്‍മനിയും റഷ്യയോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലും ടെലഫോണ്‍ വഴി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനോട് സംസാരിച്ചു. യു.എന്‍ പ്രമേയത്തെ മാനിക്കാന്‍ ബശ്ശാറുല്‍ അസദിനോട് ആവശ്യപ്പെടണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച കിഴക്കന്‍ ഗൗഥയിലെ വിമതര്‍ക്കെതിരേ സര്‍ക്കാര്‍ സൈന്യം ആരംഭിച്ച വ്യോമാക്രമണത്തില്‍ ഇതിനകം 500ലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ഗൗഥ നഗരം പൂര്‍ണമായും നാമാവശേഷമായ അവസ്ഥയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."