മാളക്കടവ് സംരക്ഷണം സ്വപ്നങ്ങള്‍ക്കു ചിറകു മുളക്കുന്നു
മാള: ചരിത്രമുറങ്ങുന്ന മാളക്കടവ് സംരക്ഷണ സ്വപ്നങ്ങള്‍ക്കു ചിറകു മുളക്കുന്നു. പുരാതനമായ മാളക്കടവും ജലപാതയും സംരക്ഷിച്ചു വരും തലമുറക്കായി നിലനിര്‍ത്തുന്നതിന് സംസ്ഥാന ബജറ്റില്‍ അനുവദിച്ച 20 ലക്ഷം രൂപ അനുവദിച്ചത് പൈതൃക സ്‌നേഹികള്‍ക്കു പ്രതീക്ഷ പകരുന്നു.
അനുവദിച്ച തുക മതിയാകില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാളക്കടവ് മങ്ങിമായുന്ന ഘട്ടത്തിലാണു സര്‍ക്കാര്‍ സഹായം എത്തുന്നത്. ഇവിടെ കോണ്‍ക്രീറ്റ് ഇട്ട കല്‍പ്പടവുകള്‍ നശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാനോലി കനാല്‍ വഴി ചേറ്റുവ പൊന്നാനി, കായംകുളം എന്നിവിടങ്ങളിലേക്കു മാളക്കടവ് വഴി ബോട്ട് സര്‍വിസ് നിലവിലുണ്ടായിരുന്നു. നിലച്ചുപോയ ജലഗതാഗതം പുനഃസ്ഥാപിക്കുമെന്നു അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള തുടക്കമെന്നോണമാണ് ജലപാതക്കു തുക വകയിരുത്തിയത്.
നേരത്തേ ബോട്ട് വന്നിരുന്ന പുഴ ഫലത്തില്‍ ഇല്ലാതായിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുക പ്രയാസമാണ്. ചാലില്‍ വര്‍ധിച്ച തോതില്‍ അഴുക്ക് അടിഞ്ഞു കൂടിയിട്ടുണ്ട്. ഇവ നീക്കം ചെയ്യണം. മാളക്കടവില്‍ നിന്നും ചെകുത്താന്‍ തുരുത്തു വരെയുള്ള ഭാഗത്തു ആഴം വര്‍ധിപ്പിക്കണം. കൃഷ്ണന്‍ കോട്ട, കോട്ടപ്പുറം വഴി മുസ്‌രിസ് പൈതൃകങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഇതോടെ വഴി ഒരുങ്ങും. മാളയിലെ യഹൂദ സിനഗോഗ് കടവിനു സമീപമാണ്. ജൂത ശ്മശാനവും മാളയിലുണ്ട്. നിരവധി വിദേശികള്‍ ഇവ സന്ദര്‍ശിക്കാനെത്താറുണ്ട്. ഇവര്‍ക്ക് പറവൂര്‍ യഹൂദ സിനഗോഗില്‍ ജലമാര്‍ഗം ചെന്നെത്താന്‍ ഇതുവഴി സാധിക്കും.
തോമാശ്‌ളീഹയുടെ പാദസ്പര്‍ശനമേറ്റ അഴീക്കോട് മാര്‍ത്തോമ്മ ചര്‍ച്ചും തിരുശേഷിപ്പും സന്ദര്‍ശിക്കാനാവും.
പോര്‍ച്ച്ഗീസ് കോട്ട, സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹം, പാലിയംകോട്ട തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശനത്തിനും വഴിയൊരുങ്ങും. ഗൗഡ സാരസ്വ ബ്രാഹ്മണ സമൂഹത്തിന്റെ ക്ഷേത്രം, അമ്പഴക്കാട്, മാള ചര്‍ച്ചുകള്‍, ഇന്ത്യയിലെ രണ്ടാമത്തേ ജുമാമസ്ജിദായ മാള പള്ളി, മേയ്ക്കാട് മന എന്നിങ്ങനെ നിരവധി ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനു ജലപാതയുമായി ബന്ധമുണ്ട്. ചാലക്കുടി, വെള്ളികുളങ്ങര, കോടാലി, കൊരട്ടി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇതുവഴിയാണു ചരക്കുനീക്കം നടത്തിയിരുന്നത്. നെയ്ത കുടി, പുത്തന്‍ചിറ, പൊയ്യ, കൃഷ്ണന്‍ കോട്ട, കോട്ടപ്പുറം പ്രദേശങ്ങള്‍ വഴിയാണു മാളചാല്‍ പുഴയുമായി ബന്ധപെടുന്നത്. മാളയില്‍ എത്തി അവസാനിക്കുന്നതാണു പുഴയുടെ ഘടന.
നിരവധി കെട്ടുവള്ളങ്ങള്‍ ചാലില്‍ തങ്ങിയിരുന്നു. ഇന്നു ബോട്ടുകള്‍ സഞ്ചരിച്ചിരുന്ന ചാലില്‍ വള്ളങ്ങള്‍ പോലും ഇറക്കാന്‍ കഴിയുന്നില്ലെന്നു പ്രദേശ വാസികള്‍ പറയുന്നു. ചെളിനീക്കം ചെയ്തു ചാല്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുവാന്‍ തുക പോരെന്നാണു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."