ശ്രീദേവിയുടെ മരണത്തില്‍ അവ്യക്തത തുടരുന്നു; ദുബൈ പൊലിസ് ബോണി കപൂറിനെ ചോദ്യം ചെയ്തു
ദുബൈ: നടി ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ദുബൈ പൊലിസ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തു. മരണത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കേസന്വേഷിക്കുന്ന ബര്‍ദുബായി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.
അപകടമരണമാണെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ ഇനി പ്രോസിക്യൂട്ടറുടെ അനുമതി ആവശ്യമാണ്. മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.
ശനിയാഴ്ച രാത്രി ഹോട്ടല്‍മുറിയിലുള്ള ബാത്ത്ടബ്ബില്‍ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഫൊറന്‍സിക് പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഗള്ഫ്മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്തു. മദ്യത്തിന്റെ ആലസ്യത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടല്‍മുറിയിലെ ബാത്ത്ടബില്‍ വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു.
ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറാണ് ഇവരെ ബാത്ത്ടബില്നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, വഴിയില്‍വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."