ലൈസന്‍സ് ഫീയും ലെവിയും തിരികെ; പുതിയ സ്ഥാപനങ്ങള്‍ക്കെല്ലാം അര്‍ഹത
ജിദ്ദ: സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ലെവിയും സ്ഥാപനങ്ങളുടെ ലൈസന്‍സ്, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഫീസുകളും അടക്കമുള്ള ഗവണ്‍മെന്റ് ഫീസുകള്‍ തിരിച്ചുനല്‍കുന്ന പദ്ധതിയുടെ ഗുണം മുഴുവന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നതിന് നിയമാവലിയില്‍ ഭേദഗതി വരുത്തിയതായി സ്മാള്‍ ആന്റ് മീഡിയം എന്റ ര്‍പ്രൈസസ് ജനറല്‍ അതോറിറ്റി (മുന്‍ശആത്ത്) അറിയിച്ചു.
സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മൂലമുള്ള അധിക ഭാരത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയ്ക്കുള്ള ഉത്തേജന പദ്ധതിയുടെ ഭാഗമായാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചുനല്‍കുന്ന പദ്ധതി അധികൃതര്‍ പ്രഖ്യാപിച്ചത്.
ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഏറെ പ്രയോജനപ്രദമായ പത്തു മേഖലകളില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമായി പദ്ധതിയുടെ പ്രയോജനം നേരത്തെ പരിമിതപ്പെടുത്തിയിരുന്നു.
ഇതാണിപ്പോള്‍ മുഴുവന്‍ മേഖലകളിലെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന നിലയില്‍ ഭേദഗതി ചെയ്തിരിക്കുന്നത്.
കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഫീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യ, ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്, സഊദി പോസ്റ്റ് വരിസംഖ്യ, സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള (സ്ഥാപന) കരാര്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ഫീസ്, നഗരസഭാ ലൈസന്‍സ് ഫീസ്, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറ്റു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ് ഫീസ് എന്നിവ പൂര്‍ണമായും പദ്ധതി പ്രകാരം തിരിച്ചുനല്‍കും.
കോണ്‍ട്രാക്ടിംഗ്, ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇനത്തില്‍ അടയ്ക്കുന്ന തുകയുടെ 80 ശതമാനവും ഇതേപോലെ തിരിച്ചുനല്‍കും.
ഫീസുകള്‍ തിരിച്ചുലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഫീസുകള്‍ തിരിച്ചു നല്‍കുന്ന പദ്ധതിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടരുകയാണ്.
പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷങ്ങളില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് മുന്‍ശആത്ത് പറഞ്ഞു.
വെല്ലുവിളികള്‍ തരണം ചെയ്ത് പ്രവര്‍ത്തനം തുടരുന്നതിനും സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."