വിവാദ ഉത്തരവുകള്‍; പരിശോധന ഇന്നു തുടങ്ങും
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ ജനുവരി ഒന്നു മുതലുള്ള വിവാദ ഉത്തരവുകള്‍ ഇന്നു മുതല്‍ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചു തുടങ്ങും.
മന്ത്രി എ.കെ ബാലന്‍ കണ്‍വീനറും മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുമടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് അവസാന തീരുമാനങ്ങള്‍ പരിശോധിക്കുന്നത്.
ഇതിനായി സര്‍ക്കാര്‍ ജനുവരിക്കു ശേഷം ഇറക്കിയ എല്ലാ സര്‍ക്കാര്‍ ഓര്‍ഡറുകളുടെ ഫയലുകളും ജനുവരി മുതലുള്ള കാബിനറ്റ് നോട്ടും ഇന്ന് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന രണ്ടു മാസങ്ങളില്‍ വിവാദമായ 822 തീരുമാനങ്ങള്‍ എടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച് വിവാദ തീരുമാനങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിട്ടേക്കും.
മെത്രാന്‍ കായല്‍, കടമക്കുടിയിലെ വിവാദ ഭൂമി കൈയേറ്റം, പാലക്കാട് കരുണ എസ്റ്റേറ്റ്, സന്തോഷ് മാധവന് ഭൂമി പതിച്ചുനല്‍കിയത്, തിരുവനന്തപുരം ടെന്നിസ് ക്ലബിന് 12 കോടി രൂപ പാട്ടകുടിശിക ഇളവ് നല്‍കിയ നടപടി, വിവിധ മതസംഘടനകളുടെ ക്ലബ്ബുകള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ എടുത്ത തീരുമാനം തുടങ്ങിയവയാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വരുന്ന പ്രധാന വിഷയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."