മഴ തുടരുന്നു; ഫ്രഞ്ച് ഓപണിലെ മത്സരങ്ങള്‍ വീണ്ടും മുടങ്ങി
പാരിസ്: ഫ്രഞ്ച് ഓപണില്‍ മഴ കളി തുടര്‍ന്നതോടെ പത്താം ദിവസത്തെ മിക്ക മത്സരങ്ങളും പകുതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു.
നേരത്തെ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം മുഴുവന്‍ മഴയില്‍ ഒലിച്ചു മത്സരങ്ങള്‍ ഒന്നും നടക്കാതെ പോയിരുന്നു. ഇന്നലെ മഴ മാറി മത്സരങ്ങള്‍ തുടങ്ങിയെങ്കിലും ശക്തമായ മഴ വീണ്ടും എത്തിയതോടെ അവസാനിപ്പിച്ചു.
ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചിന്റേതടക്കമുള്ള മത്സരങ്ങളെ മഴ കാര്യമായി തന്നെ ബാധിച്ചു. നാലാം റൗണ്ടില്‍ സ്പാനിഷ് താരം ബൗറ്റിസ്റ്റ അഗുറ്റുമായുള്ള മത്സരത്തില്‍ ദ്യോക്കോ മൂന്നാം സെറ്റില്‍ മുന്നിട്ടു നില്‍ക്കെയാണ് മഴ തടസ്സപ്പെടുത്തിയത്. ഇരുവരും ഓരോ സെറ്റുകള്‍ വീതം നേടിയിരുന്നു. ആദ്യ സെറ്റ് ദ്യോക്കോക്ക് നഷ്ടമായപ്പോള്‍ രണ്ടാം സെറ്റില്‍ താരം തിരിച്ചടിക്കുകയായിരുന്നു.
മൂന്നാം സെറ്റ് 4-1 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കെയാണ് മഴയെത്തുടര്‍ന്നു അവസാനിപ്പിച്ചത്. തോമസ് ബെര്‍ഡിച്- ഡേവിഡ് ഫെറര്‍ മത്സരവും ആന്‍ഡി മുറെ- ഗാസ്ക്വറ്റ്, വാവ്റിങ്ക- റാമോസ് വിനോലെസ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും നടന്നില്ല. പെയ്സടക്കമുള്ളവരുടെ ഡബിള്‍സ് പോരാട്ടങ്ങളും മഴയില്‍ ഒലിച്ചു. നേരത്തെ വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം പോളണ്ടിന്റെ അഗ്നിയെസ്ക റാഡ്വന്സ്കയെ 102ാം റാങ്കിലുള്ള ബള്‍ഗേറിയന്‍ താരം സ്വെറ്റാന പിരോനകോവ അട്ടിമറിച്ചു. ആദ്യ സെറ്റു നേടിയ ശേഷമാണ് ലോക രണ്ടാം നമ്പര്‍ താരം വീണത്. സ്കോര്‍: 6-2, 3-6, 3-6.
മറ്റൊരു മത്സരത്തില്‍ ആസ്ത്രേലിയയുടെ സാമന്ത സ്റ്റോസര്‍ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ റൊമാനിയന്‍ താരം സിമോണ ഹാലെപിനെ 7-6 (7-0), 6-3 എന്ന സ്കോറിനു കീഴടക്കിയാണ് സ്റ്റോസര്‍ അവസാന എട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."