വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ
ഗുരുവായൂർ: തൃശ്ശൂരിൽ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാളെയാണ് ഗുരുവായൂർ പൊലിസിന്റെ പിടിയിലായത്. തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് ഇയാളിലേക്ക് എത്താൻ പൊലിസിന് സഹായകമായത്.
മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്നും പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ടെന്നും തൃശൂർ സിറ്റി പോലിസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഇതനുസരിച്ച് ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് തൂക്കി വിൽപന നടത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടികൂടി. ആകെ നാലര കിലോ കഞ്ചാവാണ് ഈ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിപിൻ, ഉഷ, സീനിയർ സിവിൽ പൊലിസ് ഓഫീസർ ലാൽ ബഹാദൂർ എന്നിവരാണ് ഉണ്ടായിരുന്നത്. വരുന്ന പുതുവത്സരാഘോഷം മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."