തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായിരുന്നത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കൂറ്റൻ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും മണ്ണുമാന്തി യന്ത്രങ്ങൾക്ക് എത്താനാകാത്ത സാഹചര്യവും തെരച്ചിലിന് പ്രതിസന്ധിയായി മാറിയിരുന്നത്.
അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയിൽ മൂന്നിടത്താണ് ഉരുൾപൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേർക്കാടിലും ഉരുൾപൊട്ടലുണ്ടായി. കൃഷ്ണഗിരിയിൽ നിർത്തിയിട്ട ബസുകൾ മഴവെള്ള പാച്ചിലിൽ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികൾ കരകവിഞ്ഞതോടെ ചെന്നൈയിൽ നിന്ന് തെക്കൻജില്ലകളിലേക്കുള്ള യാത്ര തടസപ്പെട്ടു. ഇവിടെ ട്രാക്കിൽ വെള്ളം കയറിയതിനാൽ 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. പഞ്ചായത്ത് ഓഫീസും റൈസ് മില്ലുകളും അഗ്നിശമനസേനയുടെ കെട്ടിടവുമെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."