പോണ്ടിച്ചേരിയില്‍ വ്യാജ രജിസ്‌ട്രേഷന്‍ 2200 വാഹന ഉടമകള്‍ക്ക് പിഴയടക്കാന്‍ നോട്ടിസ്
തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്ക് ഗതാഗത കമ്മിഷണര്‍ നോട്ടിസ് അയച്ചു തുടങ്ങി. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങള്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക് ഇത് ബജറ്റിലൂടെയും പ്രഖ്യാപിച്ചതാണ്. പക്ഷേ അതിനോട് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് പോണ്ടിച്ചേരിയിലെ വ്യാജ രജിസ്‌ട്രേഷനില്‍ ഓടുന്ന വാഹനങ്ങളുടെ ഉടമകളില്‍നിന്ന് പിഴ ഈടാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചു തുടങ്ങിയത്. ആദ്യപടിയായി 2200 പേര്‍ക്കാണ് നോട്ടിസ് നല്‍കുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നും ഗതാഗത കമ്മിഷണര്‍ നോട്ടിസിലൂടെ അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ക്കായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടെ ആഡംബര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍പേര്‍ വരുംദിവസങ്ങളില്‍ കുടുങ്ങും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാല്‍ ലക്ഷത്തിലേറെ കാറുകള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക ഇതിനകംതന്നെ മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഏകദേശം 23,000 ഇടത്തരം കാറുകള്‍ വേറെയും പോണ്ടിച്ചേരിയില്‍ വ്യാജ വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷനിലുള്ള കാറുകള്‍ കൃത്യമായി നികുതിയൊടുക്കിയാല്‍ സംസ്ഥാന ഖജനാവിലേക്ക് 100 കോടിയോളം രൂപ എത്തുമെന്നാണ് കണക്കുകൂട്ടല്‍. 300 ഓളം വാഹന ഉടമകള്‍ ഇതിനകം പിഴയൊടുക്കാന്‍ തയാറായിട്ടുണ്ട്. ഇതിലൂടെ സര്‍ക്കാരിന് 13.6 കോടി രൂപ നികുതിയായി ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."