എ.എ.വൈ വിഭാഗക്കാര്‍ക്ക് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ ഈ മാസം എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ) ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (എന്‍.പി.എസ് നീലനിറത്തിലുള്ള റേഷന്‍ കാര്‍ഡ്) ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി കി.ഗ്രാമിന് രണ്ട് രൂപ നിരക്കിലും ഓരോ കാര്‍ഡിനും മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട വരെ ലഭ്യതയനുസരിച്ച് കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.
രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എന്‍.പി.എന്‍.എസ് വെള്ളനിറത്തിലുള്ള റേഷന്‍കാര്‍ഡ്) ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് അരിയും ഗോതമ്പുമുള്‍പ്പെടെ രണ്ടുകിലോഗ്രാം ഭക്ഷ്യധാന്യം കി.ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കി.ഗ്രാമിന് 6.70 രൂപ നിരക്കിലും ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട വരെ കി.ഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും.
വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാലുലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 22 രൂപ നിരക്കില്‍ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍നിന്ന് കാര്‍ഡുടമകള്‍ അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ചോദിച്ചു വാങ്ങണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. പരാതികളും നിര്‍ദേശങ്ങളും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാതാലൂക്ക് സപ്ലൈ ഓഫിസുകളിലോ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫിസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫിസ്, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."