മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മുരുകനെ ആശുപത്രിയില്‍ എത്തിച്ചത് രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ചികിത്സ തേടിയത് ആശുപത്രിയില്‍ രേഖയാക്കാത്തത് വീഴ്ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മുരുകനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വി ശ്രീകാന്ത്, ജൂനിയര്‍ റസിഡന്റ് ഡോ പാട്രിക് പോള്‍ എന്നിവരോട് ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചിരുന്നു.
ആംബുലന്‍സില്‍നിന്ന് മുരുകനെ അത്യാസന്ന രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡിലേക്ക് മാറ്റിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ പി.ജി വിദ്യാര്‍ഥി ആംബുലന്‍സിനടുത്തെത്തി പരിശോധിക്കുക മാത്രമാണ് ചെയ്തത്. അതീവ ഗുരുതരാവസ്ഥയില്‍ രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന് രക്ഷപ്പെടുത്താന്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളൊന്നും മെഡിക്കല്‍ കോളജുകളില്‍ പാലിക്കപ്പെടുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നുമാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന പൊലിസ് വാദം തള്ളിയ കോടതിയാണ് പിന്നീട് പിഴവ് പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.
ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിടിച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."