കിഴക്കന്‍ ഗൂഥയിലേക്ക് യു.എന്‍ സഹായസംഘങ്ങളെ കടത്തിവിട്ടു
ദമസ്‌കസ്: അടിയന്തര അവശ്യസാധനങ്ങളുമായി സിറിയയിലെത്തിയ യു.എന്‍ സന്നദ്ധ സംഘം കിഴക്കന്‍ ഗൂഥയില്‍ പ്രവേശിച്ചു. യു.എന്‍ നിര്‍ദേശപ്രകാരം ശനിയാഴ്ച മേഖലയിലെത്തിയ സംഘത്തെ പ്രദേശത്തേക്കു പ്രവേശിക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. 46 ട്രക്കുകളാണ് ഭക്ഷണ സാധനങ്ങളും മരുന്നുകളുമായി ഗൂഥയില്‍ എത്തിയത്.
വിമതനിയന്ത്രണത്തിലുള്ള പ്രദേശത്തിനു നേരെ സര്‍ക്കാര്‍ സേന ആരംഭിച്ച ആക്രമണം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇന്നലെയും സര്‍ക്കാര്‍ സേന നടത്തിയ ബോംബുവര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. ഇതോടെ സംഭവത്തില്‍ ഇതുവരെയായി കൊല്ലപ്പെട്ടവരുടെ എണ്ണം 719 ആയി. ഇതില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 5,640 പേര്‍ക്ക് ഗുരുതരമായും അല്ലാതെയും പരുക്കേറ്റതായും കണക്കുകള്‍പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ജിസ്‌റിന്‍ നഗരത്തിലാണു പ്രധാനമായും സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഇവിടെ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ നാലു പേര്‍ കുട്ടികളും രണ്ടു പേര്‍ സ്ത്രീകളുമാണ്.
ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലാണ് ആദ്യഘട്ട സഹായം എത്തിയിരിക്കുന്നത്. ഇത് 27,500 പേര്‍ക്കു എത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
അതേസമയം, വാഹനങ്ങളിലുണ്ടായിരുന്ന 70 ശതമാനം ചരക്കുകളും സിറിയന്‍ സൈന്യം നീക്കം ചെയ്തതായി ലോകാരോഗ്യ സംഘടനാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്കടക്കം ആവശ്യമായ മെഡിക്കല്‍ കിറ്റുകളാണ് ഇവര്‍ തടഞ്ഞുവച്ചത്.
അതിനിടെ, കിഴക്കന്‍ ഗൂഥയിലെ മൂന്നിലൊന്നു പ്രദേശവും തിരിച്ചുപിടിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. 2012 മുതല്‍ വിമതനിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ജനങ്ങള്‍ പലായനം ആരംഭിച്ചിരുന്നു.
യു.എന്നും സഖ്യകക്ഷിയായ റഷ്യയും ആവശ്യപ്പെട്ടിട്ടും സിറിയന്‍ സൈന്യം ആക്രമണം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ സുരക്ഷിതകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
എന്നാല്‍, ദിവസവും അഞ്ചുമണിക്കൂര്‍ വീതം വെടിനിര്‍ത്താനുള്ള റഷ്യയുടെ ആവശ്യം അംഗീകരിക്കുന്നതായി ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു സന്നദ്ധ സംഘത്തെ കിഴക്കന്‍ ഗൂഥയിലേക്കു കടത്തിവിട്ടതെന്നാണു കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."