ഇറ്റലിയില്‍ വലതുപക്ഷ കക്ഷികള്‍ക്കു മുന്നേറ്റം മുഖ്യധാരാ പാര്‍ട്ടികള്‍ക്കു തിരിച്ചടി; തൂക്കുസഭ ഭരിക്കും
റോം: ഇറ്റലിയില്‍ പോപുലിസ്റ്റ്-യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി വിധിയെഴുത്ത്. ഞായറാഴ്ച ഇറ്റലിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ വിരുദ്ധ നയം അജണ്ടയായ പാര്‍ട്ടികള്‍ക്കു മുന്നേറ്റം. എന്നാല്‍, ആര്‍ക്കും ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ തൂക്കുസഭയായിരിക്കും രാജ്യത്ത് അധികാരമേല്‍ക്കുക.
മുഖ്യധാരാ പാര്‍ട്ടികളായ ഭരണകക്ഷി ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രമുഖ പ്രതിപക്ഷകക്ഷിയായ ഫോഴ്‌സ ഇറ്റാലിയയും കനത്ത തിരിച്ചടിയാണു തെരഞ്ഞെടുപ്പില്‍ നേരിട്ടത്. അടുത്തിടെ ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്ത രണ്ടു പുതിയ പാര്‍ട്ടികളാണു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. പോപുലിസ്റ്റ് നയം സ്വീകരിക്കുന്ന ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് 31 ശതമാനം വോട്ടാണു നേടിയത്. കുടിയേറ്റ-യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധത നയമാക്കിയ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നോര്‍ത്തേണ്‍ ലീഗും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അതിനിടെ, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി നോര്‍ത്തേണ്‍ ലീഗും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. ലീഗ് അടങ്ങുന്ന മധ്യ-വലതുപക്ഷ മുന്നണിക്ക് കൂടുതല്‍ വോട്ട് നേടാനായതു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതാവ് മറ്റെയോ സല്‍വീനി അവകാശം ഉന്നയിച്ചത്. സല്‍വീനിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 37 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രിയും ഇത്തവണ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്ത സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ ഫോഴ്‌സ ഇറ്റാലിയ അടങ്ങുന്നതാണ് ഈ സഖ്യം. യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധനായ മറ്റെയോ സല്‍വീനി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സല്‍വീനി വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായതു ചൂണ്ടിക്കാട്ടിയാണ് ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റിന്റെ അവകാശവാദം. മൂവ്‌മെന്റ് 32 ശതമാനം വോട്ട് നേടിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കനത്ത പരാജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രിയുമായ മറ്റെയോ റെന്‍സി രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയായ മധ്യ-ഇടതുസഖ്യത്തിന് 22 ശതമാനം വോട്ടാണു നേടാനായത്. രാജ്യത്തെ ശക്തമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിഴലിച്ചതായാണു കരുതപ്പെടുന്നത്.
ജനവിധി ബ്രിട്ടീഷ് വോട്ടര്‍മാരെ പോലെ യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോകാനുള്ള പിന്തുണയായി കണക്കാക്കാന്‍ പറ്റില്ലെങ്കിലും രാജ്യത്തെ ജനങ്ങളുടെ മനോഗതിയുടെ അളവുകോലായാണു വിലയിരുത്തപ്പെടുന്നത്. യൂറോസോണിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണു നിലവില്‍ ഇറ്റലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."