ഹജ്ജ്: സീറ്റ് അധികമാണെന്ന കേരളത്തിന്റെ കണക്ക് തെറ്റെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സഊദി അറേബ്യ നല്‍കിയ ക്വാട്ടകളില്‍ 6244 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന കേരളാ ഹജ്ജ് കമ്മിറ്റിയുടെ കണക്ക് തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു.
സഊദി അറേബ്യ അനുവദിച്ച ക്വാട്ടകളില്‍ വിതരണംചെയ്യപ്പെടാതെ കിടക്കുന്നത് 3677 സീറ്റുകള്‍ മാത്രമാണ്. ഇവ കേരളത്തിനു മാത്രമായി നല്‍കാനാവില്ല. അധികമുള്ള സീറ്റുകള്‍ കേന്ദ്രഹജ്ജ് കമ്മിറ്റിക്കു നല്‍കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അത് വിവിധ സംസ്ഥാനങ്ങള്‍ക്കു ജനസംഖ്യാനുപാതത്തില്‍ വീതിച്ചുനല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അഖിലേന്ത്യാതലത്തില്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളത് 2,32,186 പേരാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുന്‍പാകെയുള്ളത്. കഴിഞ്ഞമാസം കേസ് പരിഗണിക്കവെ കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കും പാര്‍ലമെന്റില്‍ വച്ച കണക്കും തമ്മില്‍ വൈരുധ്യമുണ്ടെന്നു കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേതുടര്‍ന്ന് കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകിയിരുന്നു. ഈ വര്‍ഷം സഊദി അറേബ്യ അനുവദിച്ച ക്വാട്ട എത്രയെന്നും അതില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത് എങ്ങനെയെന്നും ആകെ ഇതുവരെ എത്ര സീറ്റ് വിതരണം ചെയ്തു തുടങ്ങിയ കണക്കുകള്‍ ഹ്രസ്വമായി സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാരിനുള്ള നിര്‍ദേശം. ഇതേതുടര്‍ന്നാണ് ഇന്നലെ ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രാലയം കേരളത്തിന്റെ കണക്ക് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയത്. നേരത്തെ കേസില്‍ വാദംകേള്‍ക്കുന്നതിനിടെ അഞ്ചാം തവണക്കാരായ 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."