കനത്ത സുരക്ഷയില്‍ കീഴാറ്റൂര്‍ വയലില്‍ ഇന്ന് സര്‍വേ
തളിപ്പറമ്പ്: ബൈപാസ് നിര്‍മാണത്തിനായി കീഴാറ്റൂര്‍ വയല്‍ ഉള്‍പ്പെടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ഇന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെത്തും. വയല്‍ക്കിളികളും യുവമോര്‍ച്ചയുമടക്കമുള്ളവര്‍ എന്തു വിലകൊടുത്തും സര്‍വേ തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത പൊലിസ് സുരക്ഷയിലായിരിക്കും നടപടികള്‍. സഹായം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി തളിപ്പറമ്പ് പൊലിസില്‍ അപേക്ഷ നല്‍കിയിരുന്നു. കലക്ടര്‍ ഇക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. ജില്ലാ പൊലിസ് ചീഫിന്റെ നിര്‍ദേശമനുസരിച്ച് പുറത്തുനിന്നുള്ളവരടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരെയും സേനാഗംങ്ങളെയും തളിപ്പറമ്പിലെത്തിക്കും. സര്‍വേ നടപടികള്‍ എന്തു വിലകൊടുത്തും ചെറുക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം. കീഴാറ്റൂരില്‍ പ്രശ്‌നമുണ്ടായാല്‍ തൃച്ഛംബരം ഉത്സവത്തിനിടയിലും സംഘര്‍ഷമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് വളരെ കരുതലോടെയാണ് പൊലിസ് നീങ്ങുന്നത്. തൃച്ഛംബരം ക്ഷേത്രറോഡില്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച സ്ഥാപിച്ച ബോര്‍ഡ് പൊലിസ് നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."