സി.ബി.ഐയെ കാണുന്നത് ആദ്യമല്ല: കോടിയേരി
തിരുവനന്തപുരം: ശുഹൈബ് വധക്കേസ് സി.ബി.ഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കുന്നതിനെ സി.പി.എം ഭയപ്പെടുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി സി.ബി.ഐയെ കാണുന്നത് ആദ്യമായല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശുഹൈബ് വധം അപലപനീയമാണ്. പാര്‍ട്ടി എന്ന നിലയില്‍ ഒരു ബന്ധവുമില്ല. എന്നാല്‍, അറസ്റ്റിലായവരില്‍ പാര്‍ട്ടി ബന്ധമുള്ള ചിലരുണ്ട്. ഇതു പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി എടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കേരള പൊലിസിന് അന്വേഷിച്ച് കണ്ടെത്താന്‍ കഴിയാത്ത ഒരു വിഷയവും ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല. കേസിലെ ഗൂഢാലോചന കണ്ടെത്താനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലിസ് ഗൂഢാലോചന അന്വേഷിക്കുന്നുണ്ട്. എന്നാല്‍, സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കോടതി എന്തുകൊണ്ടാണ് ആ നിലപാടെടുത്തതെന്നു വ്യക്തമല്ല. ആര് അന്വേഷിക്കുന്നതിനും പാര്‍ട്ടി എതിരല്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."