സിറിയ: യു.എന്‍ രക്ഷാ സമിതി അടിയന്തര യോഗം വിളിച്ചു
ന്യൂയോര്‍ക്ക്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സിറിയയില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് യു.എന്‍ രക്ഷാ സമതി അടിയന്തര യോഗം വിളിച്ചു.
തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സ്, ബ്രിട്ടിന് എന്നീ രാഷ്ട്രങ്ങളാണ് അടിയന്തരമായി യോഗം ചേരാന്‍ ആവശ്യപ്പെട്ടത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരാജയപ്പെട്ടത് സംബന്ധിച്ച് അടച്ചിട്ട മുറിയില്‍ രക്ഷാ സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തും. അതിന്നിടെ ഫെബ്രുവരി 18 മുതല്‍ കിഴക്കന്‍ ഗൂഥയില്‍ ആരംഭിച്ച റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 805 പിന്നിട്ടുവെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍റൈറ്റ്സ് അറിയിച്ചു.
മരിച്ചവരില്‍ 178 കുട്ടികളുണ്ട്. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ മാത്രമായി 70 പേര് കൊല്ലപ്പെട്ടിരുന്നുവെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍റൈറ്റ്സ് അറിയിച്ചു. ശക്തമായ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ അവശ്യ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. തിങ്കളാഴ്ച 46 ട്രക്കില്‍ അവശ്യ വസ്തുക്കളുമായി സന്നദ്ധ പ്രവര്‍ത്തകര്‍ കിഴക്കന്‍ ഗൂഥയില്‍ പ്രവേശിച്ചെങ്കിലും ആക്രമണങ്ങളാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സിറിയയിലേക്ക് അയച്ച പകുതി സഹായ വസ്തുക്കളും വിതരണം ചെയ്തിട്ടില്ലെന്ന് യു.എന്‍ അധികൃതര്‍ പറഞ്ഞു. അവശ്യ സേവനങ്ങള്‍ ആക്രമണ പ്രദേശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നതിന് മുഴുവന്‍ കക്ഷികളും തയാറാവണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."