ഇന്നു ലോക വനിതാദിനം; മാറ്റത്തിന്റെ കാറ്റു വീശി സഊദി
ജിദ്ദ: ലോകം ഇന്നു വനിതാ ദിനം ആഘോഷിക്കുമ്പോള്‍ സഊദി ഭരണകൂടം വനിതകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയാണ് മന്ത്രിസഭയില്‍ വനിതകള്‍ക്ക് ഇടം നല്‍കിയത്. സ്ത്രീ ശാക്തീകരണം സുപ്രധാന അജണ്ടയായി മാറിയ സഊദിയില്‍ ഉന്നത സ്ഥാനങ്ങളിലേക്ക് മൂന്നു വനിതകളേയാണ് നിയമിച്ചിട്ടുള്ളത്. മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ടു തന്നെ സഊദി അറേബ്യയെ പരിഷ്‌കരിക്കാനായി വിഭാവനം ചെയ്ത വിഷന്‍ 2030 ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെയും പദ്ധതികളില്‍ സുപ്രധാനമാണ് സ്ത്രീ ശാക്തീകരണം.
മൂന്നു വനിതകള്‍ക്കാണു മികച്ച സ്ഥാനം ലഭിച്ചത്.ഡോ. തമാളിര്‍ ബിന്‍ത് യൂസുഫ് അല്‍റിമാഹ് ആണ് ഭരണ ദൗത്യത്തില്‍ നിയമിതയായവരില്‍ പ്രധാനി. തൊഴില്‍, സാമൂഹിക വികസന സഹമന്ത്രിയായാണ് ഡോ. തമാളിര്‍ അല്‍റുമാഹിന്റെ നിയമനം. 2007 ല്‍ ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് റേഡിയോളജി ആന്‍ഡ് മെഡിക്കല്‍ എന്‍ജിനീയറിങ് ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തമാളിര്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി സേവനം ചെയ്യുകയായിരുന്നു. സഊദിവല്‍ക്കരണ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറിയായി ഡോ. തമാളിറിനെ നാലുമാസത്തേക്കു നിയമിച്ചിരുന്നു. മന്ത്രാലയത്തിനു കീഴിലെ സാമൂഹിക പരിചരണ, കുടുംബ ഏജന്‍സി സൂപ്പര്‍വൈസര്‍ ജനറല്‍ പദവിയും അവര്‍ വഹിച്ചിരുന്നു. 2016ല്‍ യു.എന്‍ മനുഷ്യാവകാശ കമ്മിഷനിലെ സഊദിയുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ഗാദാ ബിന്‍ത് ഗുനൈം അല്‍ഗുനൈം, പ്രൊഫസര്‍ കൗസര്‍ ബിന്‍ത് മൂസാ അല്‍അര്‍ബിഷ് എന്നിവരാണ് ഭരണശ്രേണിയില്‍ സേവനത്തിനു അവസരം ലഭിച്ച മറ്റു രണ്ടു വനിതകള്‍. സഊദി സ്ഥാപകനായ അബ്ദുല്‍ അസീസ് ആലുസഊദ് രാജാവിന്റെ നാമഥേയത്തിലുള്ള നാഷനല്‍ ഡയലോഗ് സെന്റര്‍ ട്രസ്‌റ് ബോര്‍ഡ് അംഗങ്ങളായാണ് ഇരുവര്‍ക്കും നിയമനം. ഡോ. ഗാദാ അമേരിക്കയിലെ നോവ സര്‍വകലാശാലയില്‍ നിന്ന് തര്‍ക്കം: അവലോകനവും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം എടുത്തിട്ടുണ്ട്. പബ്ലിക് എഡ്യൂക്കേഷന്‍ അസസ്‌മെന്റ് അതോറിറ്റിയിലെ ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനവും അലങ്കരിച്ചിരുന്നു. കിങ് ഫൈസല്‍ സര്‍വകലാശാലയില്‍ നിന്നു ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ പ്ര. കൗസര്‍ ശൂറാ കൗണ്‍സില്‍ അംഗമായിരുന്നു.
2020ആകുമ്പോഴേക്ക് രാജ്യത്തെ തൊഴില്‍ ശക്തിയില്‍ വനിതാ അനുപാതം 28 ശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സഊദി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്ന പശ്ചാത്തലത്തിലാണ് തൊഴില്‍ മന്ത്രാലയത്തില്‍ തന്നെ ഒരു വനിതയെ സഹമന്ത്രിയായി അവരോധിച്ചിരിക്കുന്നത്.
അടുത്ത ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഡ്രൈവിങ് അനുമതി, സ്ത്രീകള്‍ക്കും മൈതാനങ്ങളിലേയ്ക്കുള്ള പ്രവേശനാനുമതി, പുരുഷ രക്ഷിതാവിന്റെ അനുവാദമില്ലാതെ തന്നെ സ്ത്രീകള്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്‍കിയ അനുമതി, പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തില്‍ അന്വേഷണ തസ്തികകളില്‍ സ്ത്രീകള്‍ക്ക് നല്‍കിയ അവസരം, വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സേവനങ്ങള്‍ക്ക് സ്ത്രീകള്‍ക്കും അവസരം നല്‍കിയത്, സ്ത്രീകള്‍ക്കുള്ള ജിം ക്ലബുകള്‍, സ്‌കൂളുകളിലെ കായിക വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥിനികളേയും ഉള്‍പ്പെടുത്തിയത്, ഏറ്റവുമൊടുവില്‍ സൈനിക സേവനങ്ങള്‍ക്കും സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. പരമ്പരാഗത രീതികളില്‍ നിന്ന് മാറി മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് സഊദിയിലെ പല നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."