2025 ലെ വേള്‍ഡ് എക്സ്പോയ്ക്കു ജപ്പാന് ഖത്തറിന്റെ സഹായം തേടി
ദോഹ: 2025ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥ്യം വഹിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്ന ജപ്പാന് ഖത്തറിന്റെ പിന്തുണ തേടി.
ഒസാകയില്‍ എക്സ്പോ നടത്തുന്നതിനാണ് ജപ്പാന്റെ ശ്രമങ്ങള്‍. ജപ്പാന് വിദേശകാര്യമന്ത്രാലയത്തിലെ എക്സ്പോ 2025ന്റെ ചുമതലയുള്ള പ്രത്യേക പ്രതിനിധി ഷിഗെരു ഇന്ദോയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ബിന്‍ ഹമദ് അല്ശര്ഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വകാര്യമേഖലയിലുള്പ്പടെ രണ്ടു രാജ്യങ്ങളും തമ്മിലുളള സഹകരണം ചര്‍ച്ച ചെയ്ത ഇരുവരും ബന്ധം ശക്തിപ്പെടുത്തുന്നതും വിലയിരുത്തി.
എക്സ്പോ വേദി ലഭിക്കുന്നതിനായി നടത്തുന്ന തയാറെടടുപ്പുകളെക്കുറിച്ച് ഇന്ദോ വിശദീകരിച്ചു. റഷ്യയിലെ യെകാതറിന്ബര്ഗ്, അസര്‍ബൈജാനിലെ ബാകു എന്നീ നഗരങ്ങളാണ് 2025 വേള്‍ഡ് എക്സ്പോയ്ക്കായി ഒസാകയ്ക്കൊപ്പം മത്സരരംഗത്തുള്ളത്. 2017ല്‍ അസ്താനയില്‍ നടന്ന എക്സ്പോയില്‍ പങ്കെടുത്ത ഖത്തറിന്റെ പവലിയന് മികച്ച അംഗീകാരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."