സോളാര്‍ കമ്മിഷന് നിയമനം: കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കമ്മിഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫിസിലാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയിരുന്നത്. അജണ്ടയ്ക്ക് പുറത്ത് ഉള്‍പ്പെടുത്തിയാണ് അന്നത്തെ മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്തത്. മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകള്‍ക്കൊപ്പം കാബിനറ്റ് രേഖകള്‍ കാണുന്നില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ജസ്റ്റിസ് ജി. ശിവരാജനെ സോളാര്‍ കമ്മിഷനായി നിയമിച്ച കാബിനറ്റ് നോട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സോളാര്‍ കേസില്‍ ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി കമ്മിഷനെ നിയോഗിച്ചത് നിയമപരമായ നടപടിയല്ലെന്നാണ് ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചത്.
കമ്മിഷന് സ്വന്തം നിലയ്ക്ക് പരിഗണനാ വിഷയങ്ങള്‍ വികസിപ്പിച്ചത് ഉചിതമായ നടപടിയല്ല. ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസില്‍ ക്രിമിനല്ചട്ടപ്രകാരമാണ് നടപടി വേണ്ടത്.
ഇതിനായി അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത് ശരിയല്ല. 1106 പേജുകളുള്ള കമ്മിഷന് റിപ്പോര്‍ട്ടില്‍ 800 പേജുകളും കമ്മിഷന് സ്വമേധയാ പുതുക്കിയ ടേംസ് ഒഫ് റഫറന്‍സ് പ്രകാരമുള്ള വിഷയങ്ങളാണ്. സോളാര്‍ കേസിലെ ഒരു പ്രതിയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗവും തയാറാക്കിയിരിക്കുന്നത്. ഇത് കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തിലാണ് കാബിനറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."