എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പാവ നിര്‍മാണ യൂനിറ്റില്‍ വന്‍തീപിടിത്തം
കളമശ്ശേരി: ഏലൂര്‍ എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മുപ്പത്തടം - ഇടുക്കി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പാവനിര്‍മാണ കയറ്റുമതി യൂനിറ്റില്‍ വന്‍ തീപിടിത്തം.
ഉന്നതനിലവാരത്തിലുള്ള പാവകള്‍ നിര്‍മിച്ചു വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ബോഡി ഗിയര്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നഷ്ടം അരക്കോടിയിലേറെ. പാവ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണു തീപിടിച്ചത്. ഷോട്ട് സര്‍ക്യുട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഏലൂരില്‍ നിന്നും അഗ്നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല.
തുടര്‍ന്ന് ആലുവ, എറണാകുളം പനപള്ളിനഗര്‍, തൃക്കാക്കര തുടങ്ങിയ സമീപ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് ആറ് യൂനിറ്റ് എത്തി നാല് മണിക്കൂറോളം നടത്തിയ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് തീയണച്ചത്. നാട്ടുകാരും ജിവനക്കാരും സംയോജിതമായി പാവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നൈലോണും തുണിയും പുറത്തെത്തിച്ചതിനാല്‍ തീപിടിത്തം കുറയ്ക്കാന്‍ സാധിച്ചത്. കൂടാതെ യൂണിറ്റിന് അകത്തുണ്ടായിരുന്ന മൂന്നു സിലിണ്ടറുകളും ഡീസല്‍ ടാങ്കും പുറത്തെത്തിക്കാനായും അപകടത്തിന്റെ തീവ്രത കുറച്ചു.
വ്യവസായ മേഖലയായ എടയാറില്‍ തീപിടിത്തമുണ്ടായ പാവ നിര്‍മാണ യൂണിറ്റിനോട് ചേര്‍ന്ന് റബര്‍ ഗോഡൗണാണ്. ഇവിടേക്ക് തീപടരാതിരുന്നതും അപകടം കുറച്ചു. ഭൂരിഭാഗം സ്ത്രീ തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. രാത്രി കാല ഷിഫ്റ്റ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. പാവ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുവായ നൈലോണ്‍, വെല്‍വെറ്റ് തുണിത്തരങ്ങള്‍ എന്നിവയിലാണ് തീ പടര്‍ന്നത്. നൈലോണ്‍ കുമിഞ്ഞ് കത്തിയതാണ് ആദ്യ മണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.
പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് തീപടരുന്നത് കണ്ടത്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനും മുന്‍കകൈയെടുത്തു. നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന അമ്പതോളം തയ്യല്‍ മെഷീനുകളും കട്ടിംഗ് ഉപകരണങ്ങളും കത്തിനശിച്ചു. കമ്പനിയുടെ ഒരു ഭാഗത്തെ ഇരുനില കെട്ടിടവും അതിനോടനുബന്ധിച്ച ഷെഡുകളുമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്ന ഏകദേശം 30 ലക്ഷം രൂപയുടെ ടോയ്‌സ് ഉണ്ടാക്കുന്നതിനായുള്ള തുണികളും കത്തിനശിച്ചതില്‍ പെടും. റാക്കുകള്‍ ലോക്കറുകള്‍ ഷെല്‍ഫുകള്‍ ഫര്‍ണിച്ചറുകള്‍ എന്നിവയും കത്തിനശിച്ചു. 150 ഓളം വനിതാ ജീവനക്കാര്‍ പണി എടുക്കുന്ന സ്ഥാപനമാണ്. തീപിടുത്തതില്‍ ജീവനക്കാരുടെ പണവും റേഷന്‍ കാര്‍ഡ് ഉള്‍പ്പടെ വിലപിടിച്ച രേഖകള്‍ സൂക്ഷിക്കുന്ന ലോക്കറുകളും കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."