രൂക്ഷമായി ജലക്ഷാമം; കാടിറങ്ങി സിംഹവാലന്‍ കുരങ്ങുകള്‍
പാലക്കാട്: നിത്യഹരിത വനങ്ങളില്‍ മാത്രം കണ്ടുവരുന്ന സിംഹവാലന്‍ കുരങ്ങുകള്‍ ഇപ്പോള്‍ കാടിറങ്ങി തുടങ്ങി. കാടുകളില്‍ ഭക്ഷണവും വെള്ളവും കിട്ടാതായതോടെയാണ് ഇവ കൂട്ടത്തോടെ റോഡിലിറങ്ങിത്തുടങ്ങിയത്. നെല്ലിയാമ്പതി ചെറുനെല്ലിയിലും, പരിസരങ്ങളിലുള്ള റോഡിലിറങ്ങി തീറ്റ തേടുന്നത്. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും റോഡില്‍ വാഹനം നിറുത്തി തീറ്റ ഇട്ടു കൊടുക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്നും കാടിനുള്ളിലേക്ക് കയറാതെ രാത്രി വരെ റോഡിലും, റോഡരുകിലുമായി കറങ്ങുകയാണിപ്പോള്‍. വാഹങ്ങള്‍ നിറുത്തിയാലുടന്‍ ഭക്ഷണത്തിനായി കൈനീട്ടി നില്‍ക്കുന്ന കാഴ്ച ദയനീയമാണ്. എന്തെങ്കിലും കൊടുത്താല്‍ പിന്നെ വാഹനത്തിനു മുകളില്‍ കയറി വരുന്ന സ്വഭാവവുമുണ്ട്.
30 എണ്ണമുള്ള ഒരു ഗ്രൂപ്പാണിപ്പോള്‍ ചെറുനെല്ലിയില്‍ കാണുന്നത്. കുട്ടികളും കൂട്ടത്തിലുണ്ട്. ഇവ റോഡിനു കുറുകെ ഓടുന്നതും അപകടത്തിന് വഴിവെക്കുന്നുണ്ട്. ഇതു പോലെ വാല്‍പ്പാറയില്‍ മുന്നൂറ് എണ്ണത്തോളം സിംഹവാലന്മാര്‍ ഇതുപോലെ റോഡരുകില്‍ കാണാറുണ്ട്. കാടുകളില്‍ നിന്നും ഇവ നാട്ടിലിറങ്ങുന്നതിനാല്‍ വേട്ടക്കാരും ഇവക്ക് പിന്നാലെയുണ്ട് ഔഷധ നിര്‍മാണത്തിന് ഇറച്ചിയും, ഇവയുടെ തോലും ഉപയോഗിക്കുണ്ടെന്ന പ്രചാരണവും ഉള്ളതിനാല്‍ ഇവയുടെ ജീവനും ഭീക്ഷണിയുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ സൈലന്റ്‌വാലി, വാല്‍പ്പാറ, നെല്ലിയാമ്പതി, ചെന്തരുണി,ബ്രഹ്മഗിരി, അഗസ്ത്യമല, പാമ്പാടുംഷോല, ഷെട്ടിഹള്ളി വനമേഖലകളിലാണ് ഇവയെ കാണപ്പെടുന്നത്. ഇപ്പോള്‍ 2000 എണ്ണത്തില്‍ താഴെയാണ് ഉള്ളതെന്ന് പറയപ്പെടുന്നു. മുന്‍പ് 20,000 ഉണ്ടായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. യുനെസ്‌കോയുടെ റിപ്പോര്‍ട്ടില്‍ വംശനാശഭീഷണി നേരിടുന്നു കുരങ്ങു വര്‍ഗം കൂടിയാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."