ജി.എസ്.ടി: ഇ-വേ ബില്ല് അടുത്തമാസം ഒന്ന് മുതല്‍
ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതിയുടെ (ജി.എസ്.ടി) ഭാഗമായി അന്തര്‍ സംസ്ഥാന ചരക്ക് കൈമാറ്റത്തിനുള്ള ഇ-വേ ബില്ല് സംവിധാനം അടുത്തമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 15 -ഓടെ ഇ-വേ ബില്‍ കര്‍ശനമായ രീതിയില്‍ നടപ്പാക്കുമെന്നും ജൂണ്‍ ഒന്നോടെ ഇത് രാജ്യവ്യാപകമായി നടപ്പാകുമെന്നും കേന്ദ്രധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലി വ്യക്തമാക്കി.
ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന 26-ാമത് ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രൂപ്പുകളും ഓരോ ആഴ്ച കഴിയുംതോറും ഇ-വേ സംവിധാനത്തിന്റെ ഭാഗമായി മാറുന്ന രീതിയില്‍ സംസ്ഥാനങ്ങളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചാവും ഇ-വേ ബില്ല് സംവിധാനം നടപ്പാക്കുക.
അടുത്തമാസം അവസാനത്തോടെ എല്ലാം സംസ്ഥാനങ്ങളും ഇ സംവിധാനത്തിന്റെ കീഴിലാകും. 50,000 രൂപയിലധികം മൂല്യമുള്ള ചരക്കുകള്‍ക്കാണ് ഇ-വേ ബില്‍ സംവിധാനം നടപ്പാക്കുന്നത്. കേരളത്തില്‍ ഇ-വേ ബില്ല് സംവിധാനം അടുത്തമാസം ഒന്നുമുതല്‍ തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ ഗ്രൂപ്പിലാണു കേരളം.
ജി.എസ്.ടി വരുമാനത്തില്‍ വന്‍ കുറവുണ്ടാകുന്ന സാഹചര്യം യോഗത്തില്‍ കേരളം ഉന്നയിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിലെ ആദ്യ ഗഡു മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. രണ്ടാം ഗഡു കിട്ടിയിട്ടില്ല. ഈ നിലപാട് കേന്ദ്രം തിരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ ചരക്കു സേവന നികുതി റിട്ടേണ്‍ ഫയലിങ് സംവിധാനം ആറുമാസം കൂടി തുടരും.
റിട്ടേണ്‍ ഫയലിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് യോഗത്തില്‍ രണ്ടു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അഭിപ്രായ ഐക്യം ഉണ്ടാവാത്തതിനാലാണ് നിലവിലെ രീതി തന്നെ തുടരാന്‍ തീരുമാനിച്ചത്. റിവേഴ്‌സ് ചാര്‍ജിങ് സംവിധാനവും മൂന്നു മാസത്തേക്ക് നീട്ടാനും കയറ്റുമതി ചരക്കുകള്‍ക്കുള്ള നികുതി ഇളവ് ആറുമാസം കൂടി തുടരുന്നതിനും യോഗത്തില്‍ തീരുമാനമായി.
അതേസമയം, ജി.എസ്.ടി റിട്ടേണ്‍ ലളിതമാക്കുന്നതടക്കമുള്ള നിര്‍ണായകമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാനാവാതെയാണ് ജി.എസ്.ടി യോഗം പിരിഞ്ഞത്. ഈ വിഷയങ്ങള്‍ അടുത്ത യോഗത്തില്‍ തീരുമാനിക്കാനായി മാറ്റിവെച്ചു. സ്വര്‍ണ്ണം, പെട്രോള്‍ ഉത്പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ചര്‍ച്ചയായില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."