പല്ലുകള്‍ നല്‍കുന്ന സുഹൃദ്പാഠങ്ങള്‍
നവതി പിന്നിട്ട ആ വയോധികനോട് തന്റെ പേരക്കുട്ടി ചോദിച്ചു: ''അച്ഛച്ഛാ, അങ്ങയുടെ വായില്‍ ഇനി എത്ര പല്ലുകള്‍കൂടി ബാക്കിയുണ്ട്...?''
നര്‍മം കലര്‍ന്ന ഈ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹത്തിനു ചിരി വന്നു. പിന്നെ ദീര്‍ഘമായൊരു നിശ്വാസം. അതിനുശേഷം അവനെ അടുത്തിരുത്തിയിട്ടു പറഞ്ഞു: ''മോനെ, ജീവിതം ഹ്രസ്വമാണെങ്കിലും അതെനിക്ക് ഒട്ടനവധി പാഠങ്ങള്‍ പകര്‍ന്നുതന്നിട്ടുണ്ട്. പല്ലിന്റെ കാര്യം തന്നെയെടുക്കാം. പല്ലിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് സുഹൃത്തുക്കളെയാണ്.''
ഇതു പറഞ്ഞ് അദ്ദേഹം പല്ലും സുഹൃദ്ബന്ധങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിച്ചു:
''സത്യത്തില്‍ വായിലെ പല്ലുകള്‍ പോലെയാണു സുഹൃത്തുക്കള്‍. ഉള്ളപ്പോള്‍ വില മനസിലാവില്ല. നഷ്ടപ്പെടുമ്പോഴാണു മഹത്വം മനസിലാവുക. പല്ലുകളെ ദിവസവും തേച്ചുവൃത്തിയാക്കി കൊണ്ടുനടക്കണം. ഏതെങ്കിലും ഒരു ദിവസം അവഗണിച്ചുവിട്ടാല്‍ ആ ദിവസം വല്ലാത്ത അസ്വസ്ഥതയും പ്രയാസവുമായിരിക്കും. നിരന്തരം പരിരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യേണ്ട ഒന്നാണു സുഹൃദ്ബന്ധങ്ങള്‍. ഇടക്കിടെ ആ ബന്ധങ്ങള്‍ തേച്ചുമിനുക്കിക്കൊണ്ടിരിക്കണം.
നല്ല പല്ലുകള്‍ ആകര്‍ഷകമായ മുഖം നല്‍കും. ചീത്ത പല്ലുകള്‍ നമ്മുടെ സൗന്ദര്യത്തെ പോലും കെടുത്തിക്കളയും. നല്ല സുഹൃത്തുക്കള്‍ നമുക്കു നല്ല മുഖം നല്‍കും. ചീത്ത സുഹൃത്തുക്കള്‍ നമ്മുടെ വിലയിടിക്കും. ഒരാള്‍ ആരാണെന്നറിയാന്‍ അയാളുടെ സുഹൃത്തുക്കളാരാണെന്നു പരിശോധിച്ചാല്‍ മതിയെന്ന് ആപ്തന്മാര്‍ പറയാറുണ്ടല്ലോ.
വെറുതെയിരുന്നാല്‍ ലഭിക്കുന്നതല്ല നല്ല പല്ലുകള്‍. അതിന് അധ്വാനമുണ്ട്. വെറുതെയിരുന്നാല്‍ നല്ല സുഹൃത്തുക്കളെയും ലഭിക്കില്ല. അതിന് അവരെ തേടിയിറങ്ങുക തന്നെ വേണം. പല്ലുകള്‍ കേടായാല്‍ ദോഷം നമുക്കാണ്. സുഹൃത്തുക്കള്‍ കേടായാലും ദോഷം നമുക്കു തന്നെ.
എല്ലാ പല്ലുകളും ഒരേ രൂപത്തിലല്ല. ഓരോ പല്ലിനും ഓരോ ദൗത്യമുണ്ട്. അതുപോലെ എല്ലാ സുഹൃത്തുക്കളും ഒരുപോലെയല്ല. ഓരോ സുഹൃത്തുക്കളെ കൊണ്ടും ഓരോരോ പ്രയോജനങ്ങളാണുണ്ടാവുക. അതിനാല്‍ എല്ലാവരോടും ഒരേ രീതിയില്‍ പേരുമാറുന്നതും എല്ലാവരില്‍നിന്നും ഒരേ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നതും വെറുതെയാണ്.
ഓരോ പല്ലുകള്‍ക്കും ഓരോ കഴിവുകളാണുള്ളത്. മുന്‍പല്ലുകള്‍ക്കുള്ള കഴിവ് ഉളിപ്പല്ലുകള്‍ക്കില്ല. ഉളിപ്പല്ലുകള്‍ക്കുള്ളത് തേറ്റപ്പല്ലുകള്‍ക്കില്ല. ഓരോന്നിനും ഓരോരോ കഴിവുകള്‍. എന്നാല്‍ എല്ലാം നിലകൊള്ളുന്നതു സമാസമമായി. ഓരോ പല്ലുകളും തന്റെ കഴിവുകള്‍ പരിഗണിച്ചു തൊട്ടടുത്ത പല്ലുകളെക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ തുടങ്ങിയാല്‍ സൗന്ദര്യം പാടെ നശിച്ചു രാക്ഷസരൂപം കൈവരും. സുഹൃത്തുക്കളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുണ്ടാകും. എന്നു കരുതി ആരും ആരെക്കാളും മേലെയാവാനോ താഴെയാവാനോ നില്‍ക്കേണ്ടതില്ല. അതു സുഹൃദ്ബന്ധത്തെ കളങ്കപ്പെടുത്തും. വ്യത്യസ്ത കഴിവുകളുണ്ടായിരിക്കെത്തന്നെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം.
മിക്ക സമയങ്ങളിലും പല്ലുകള്‍ നമുക്കു പ്രയോജനമാണു ചെയ്യുക. എന്നാല്‍ ചില സമയങ്ങളില്‍ അവ നമ്മെ കടിച്ചുകളയും. വല്ലാത്ത വേദനയായിരിക്കും അപ്പോള്‍. എന്നു കരുതി വേദനിപ്പിച്ച ആ പല്ലിനെ നാം അടിച്ചുകൊഴിക്കാറില്ല. വേദന കടിച്ചുപിടിക്കുക മാത്രം ചെയ്യും. വേദന മാറുന്നതോടെ പല്ലു ചെയ്ത ഉപദ്രവം നാം മറന്നുകളയുകയും ചെയ്യും. അതുപോലെ സുഹൃത്തുക്കള്‍ നമുക്ക് ഉപകാരങ്ങളെമ്പാടും ചെയ്യും. വല്ലപ്പോഴും അവരില്‍നിന്നു വല്ല ഉപദ്രവവും വന്നുപെട്ടേക്കാം. ഉപദ്രവങ്ങളെ ക്ഷമയോടെയും സഹനത്തോടെയും നേരിടുക. ഒരിക്കലും ചെറിയൊരു ഉപദ്രവത്തിന്റെ പേരില്‍ ആ സുഹൃദ്ബന്ധം തകര്‍ത്തുകളയരുത്. എന്നെന്നേക്കുമായി അതു മറന്നു കളയുകയും വീണ്ടും ആ ബന്ധം ഊഷ്മളമാക്കി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുക.
പല്ലുകളിലേതെങ്കിലുമൊന്നിനു കേടുപാടു സംഭവിച്ചാല്‍ നാം ദന്തചികിത്സ തേടാറുണ്ട്. നിലനിര്‍ത്താന്‍ പറ്റുന്നതാണെങ്കില്‍ ചികിത്സയിലൂടെ അതിനെ നിലനിര്‍ത്തും. പറിച്ചുകളയുകയേ വഴിയുള്ളൂ എന്നു കണ്ടാല്‍ പറിച്ചുകളയുകയും ചെയ്യും. അല്ലാതിരുന്നാല്‍ കേടില്ലാത്ത പല്ലുകള്‍ക്കുകൂടി അതു ഭീഷണിയായി മാറും. അതുപോലെ സുഹൃത്തുക്കളില്‍ മോശക്കാരാരെങ്കിലുമുണ്ടെങ്കില്‍ ഉടനടി അവനെ നന്നാക്കിയെടുക്കാന്‍ കഴിയുമോ എന്നു നോക്കുക. കഴിയില്ലെങ്കില്‍ അവനെ സുഹൃദ്‌നിരയില്‍നിന്ന് അടര്‍ത്തി മാറ്റുക. കൂട്ടത്തില്‍ വച്ചുപൊറുപ്പിച്ചാല്‍ അതു മറ്റു സുഹൃത്തുക്കള്‍ക്കുകൂടി ഭീഷണിയായി മാറിയേക്കും. കൂട്ടത്തില്‍ ആരെങ്കിലുമൊരാള്‍ മതിയല്ലോ പേരുദോഷം വരാന്‍.
പല്ലുകളോരോന്നും പരസ്പരം തോളോടുതോള്‍ ചേര്‍ന്നാണു നില്‍ക്കുന്നത്. അവയ്ക്കിടയില്‍ അകലങ്ങളില്ല. അകലങ്ങളുണ്ടാകുന്നതു മുഖത്തിന്റെ കാന്തി കുറയ്ക്കും. സുഹൃത്തുക്കള്‍ പരസ്പരം തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കേണ്ടവരാണ്. അവര്‍ക്കിടയില്‍ അകലങ്ങളുണ്ടാവരുത്. ഏതു സന്ദര്‍ഭങ്ങളിലും അവര്‍ അങ്ങനെയായിരിക്കണം. സന്തോഷം വരുമ്പോള്‍ ഒന്നിക്കുകയും പ്രയാസങ്ങള്‍ വരുമ്പോള്‍ ഭിന്നിക്കുകയും ചെയ്യുന്നതു നല്ല സൗഹൃദത്തിന്റെ അടയാളമല്ല.
പല്ലുകള്‍ക്കിടയില്‍ ഉച്ഛിഷ്ടങ്ങള്‍ കയറിക്കൂടുന്നതു പല്ലുകള്‍ക്കു ദോഷമാണ്. അതിനാല്‍ ഭക്ഷണാനന്തരം പല്ലുകള്‍ വൃത്തിയാക്കണം. ഇടകളില്‍ കയറിപ്പറ്റിയ അവശിഷ്ടങ്ങളെ തോണ്ടിയൊഴിവാക്കുകയും വേണം. സുഹൃത്തുക്കള്‍ക്കിടയില്‍ നല്ലതല്ലാത്തതൊന്നും ഉണ്ടാവാന്‍ പാടില്ല. തിന്മയുടെ ചെറിയൊരു പാടു മതി ബന്ധങ്ങള്‍ തകര്‍ന്നുപോകാന്‍. അതിനാല്‍ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ വന്നാല്‍ ഉടനടി അതു തുടച്ചുനീക്കി ബന്ധം വീണ്ടും ആരോഗ്യകരമാക്കി നിലനിര്‍ത്തുക..''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."