പ്രതിഷേധ'ഗ്രഫി'
വാളുകളെക്കാള്‍ മൂര്‍ച്ചയേറിയതാണു പലപ്പോഴും അക്ഷരങ്ങള്‍. ലോകത്തെ എത്രയോ വിപ്ലവങ്ങള്‍ക്കു കരുത്തു പകര്‍ന്നിട്ടുണ്ട് അക്ഷരക്കൂട്ടുകള്‍. ഈ അക്ഷരങ്ങള്‍ ചിത്രങ്ങളാക്കി പ്രതിരോധത്തിനും പ്രതിഷേധത്തിനും അഭിനന്ദനത്തിനും ഇഷ്ടത്തിനുമെല്ലാം പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് ഖത്തറിലെ മണലാഴികളിലിരുന്ന് ഒരു ചെറുപ്പക്കാരന്‍, മലപ്പുറം ജില്ലയിലെ കക്കോവ് സ്വദേശി അബ്ദുല്‍ കരീം. സമൂഹമാധ്യമങ്ങളില്‍ ഏറെ സുപരിചിതനാണ് കരീം. കരീം ഗ്രാഫി കക്കോവ് എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ അക്ഷരചിത്രങ്ങളും 'വൈറലാ'ണവിടെ. അക്ഷരങ്ങള്‍ കൂട്ടിവച്ച് കരീം തീര്‍ക്കുന്ന ഓരോ വരകളിലുമുണ്ട് മനസിലെരിയുന്ന പ്രതിഷേധത്തിന്റെ ആഴം. വരകള്‍ക്കുള്ളിലെ വര്‍ണത്തിലുണ്ട് മനസില്‍ വിങ്ങിനിറയുന്ന നോവിന്റെ, നിസഹായതയുടെ, ചിന്തയുടെ ആഴങ്ങളില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കുന്ന വരികള്‍. വര്‍ണങ്ങളും അവയുടെ മനോഹാരിതയുമല്ല കരീമിന്റെ ചിത്രങ്ങളുടെ സ്വീകാര്യതയ്ക്കു കാരണം. അതിന്റെയുള്ളിലുറങ്ങുന്ന അഗ്‌നിയാണ്.
വരത്തുടക്കം
ചെയ്യുന്ന തൊഴില്‍ പേരിനൊപ്പം ചേര്‍ത്തുവയ്ക്കുക എന്നതാണ് കരീം ഗ്രാഫി എന്ന പേര് സ്വീകരിച്ചതിനു പിന്നില്‍. വീടിന്റെ കോലായയില്‍ ഉപ്പ കൊണ്ടുവന്നു തൂക്കിയ ഒരു കാലിഗ്രഫിയാണ് ഈ കലാരൂപത്തോട് ഇഷ്ടം തോന്നിച്ചത്. മദ്‌റസകളിലെയും സ്‌കൂളുകളിലെയും അധ്യാപകര്‍ ബോര്‍ഡുകളില്‍ കോറിയിടുന്ന വടിവൊത്ത അക്ഷരങ്ങള്‍ അനുകരിച്ചാണ് അക്ഷരചിത്രങ്ങളിലെ കുഞ്ഞുകരീമിന്റെ ആദ്യ ചുവടുവയ്പ്. കുഞ്ഞുവിരലുകള്‍ കൊണ്ടും സ്ലേറ്റ് പെന്‍സില്‍ കൊണ്ടും അവ കോറിയിടാന്‍ തുടങ്ങി അവന്‍.
പതിയെ പതിയെ കരീം സ്‌കൂളിലെ മൊഞ്ചിലെഴുതുന്ന കുട്ടിയായി. പോവുന്നിടത്തെല്ലാം അക്ഷരങ്ങളിലെ ജാലവിദ്യകള്‍ തിരയലായിരുന്നു പണി. അത് റോഡുവക്കിലെ ചുമരെഴുത്തുകളായാലും പോസ്റ്ററുകളായാലും. അവ ആരെഴുതിയതാണെന്നു വരെ കണ്ടെത്തിയാലേ കരീമിനു സമാധാനമുണ്ടാവുമായിരുന്നുള്ളൂ. വളര്‍ച്ചയ്‌ക്കൊപ്പം ഈ ഭ്രമവും വളര്‍ന്നു. അതിനിടെ ചിത്രം വരയും തുടങ്ങി. മുസ്‌ലിം ലീഗ് നേതാവ് സീതിഹാജിയുടെ ചിത്രമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഉപ്പയോടൊപ്പം സ്ഥിരമായി പോവാറുള്ള ചായക്കടയിലെ ആരുടെയോ കണ്ണില്‍ പെട്ട ചിത്രം പിന്നെ ലീഗ് ഓഫിസില്‍ ഇടം പിടിച്ചു.
പിന്നെ പിന്നെ ലീഗിന്റെ ബോര്‍ഡെഴുതിത്തുടങ്ങി. ആദ്യ വരുമാനമാര്‍ഗമായി അത്. കുറേ മക്കളും അതിനു മാത്രം വരുമാനവുമില്ലാത്ത ഉപ്പാക്ക് ഒരു കൈത്താങ്ങും. സീതി ഹാജിയുടെ ചിത്രം വരച്ച കൊച്ചുമിടുക്കന് ഒരു വി.ഐ.പി പരിഗണന തന്നെയാണ് ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയത്. സാധാരണ ഈര്‍ക്കിലും തേങ്ങയുടെ തൊണ്ട് ചതച്ചുണ്ടാക്കി നാടന്‍ ബ്രഷും കൊണ്ട് ബോര്‍ഡെഴുതിയിരുന്നിടത്ത് കരീമിനായി കോഴിക്കോട്ടുനിന്ന് പെയിന്റിങ് ബ്രഷ് വരുത്തിച്ചു അവര്‍. തനിക്കു കിട്ടിയ ആദ്യത്തെ അംഗീകാരമായി ഈ ബ്രഷുകളെ കരീം മനസില്‍ ഇപ്പോഴും ചേര്‍ത്തുവയ്ക്കുന്നു. പച്ച മാത്രമല്ല, ചുവപ്പും ത്രിവര്‍ണവുമൊക്കെയായി കരീമിന്റെ ബോര്‍ഡുകളില്‍ വര്‍ണങ്ങള്‍ മാറി മാറി വന്നു. അങ്ങനെ നാട്ടിലെ തിരക്കേറിയ ചുമരെഴുത്തുകാരനായി പാറമ്മല്‍ പുലാപ്രത്തൊടി അബ്ദുറഹ്മാന്റെയും (ഇക്കായി) സൈനബയുടെയും മകന്‍ കരീം.
സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ സി.ടി അലി എന്ന ആര്‍ടിസ്റ്റിനു കീഴില്‍ ചിത്രകല അഭ്യസിക്കാന്‍ തുടങ്ങി. കോഴിക്കോട്ടു പോയും കുറച്ചുകാലം ചിത്രരചന പരിശീലിച്ചു. ഫൈന്‍ ആര്‍ട്‌സിലും പോയി ഒരു വര്‍ഷം. എന്നാലും അക്ഷരഭംഗികളോടുള്ള പ്രണയം ഉപേക്ഷിച്ചിരുന്നില്ല. വടിവൊത്ത അക്ഷരങ്ങള്‍ പല കോലത്തില്‍ ആ യുവാവിന്റെ മനസില്‍ നൃത്തം വച്ചു. ഇടക്കെപ്പോഴോ ഉറുദു അക്ഷരങ്ങളുടെ മനോഹാരിത കരീമിന്റെ കണ്ണുകളിലുടക്കി. വടിവൊത്ത നര്‍ത്തകിയെ പോലെ ആകര്‍ഷകമായ ഉറുദു അക്ഷരങ്ങള്‍ പഠിച്ചെടുക്കാനായി അടുത്ത തപസ്. അതിനിടയ്ക്ക് ആരോ പറഞ്ഞു കേട്ടു, ഉറുദു അക്ഷരങ്ങളുടെ ശരിയായ ഭംഗി കാണണമെങ്കില്‍ മുംബൈ തെരുവിലെ ചുമരെഴുത്തുകളും ദര്‍ഗകളും കാണണമെന്ന്. പിന്നെ അതുമാത്രമായി മനസിലെ ചിന്ത. അങ്ങനെ ഒരു നാള്‍ മുംബൈക്കും വണ്ടി കയറി.
മണലാരണ്യത്തിലേക്ക്
അലച്ചിലുകള്‍ ജീവിക്കാന്‍ മതിയാവില്ലെന്ന തിരിച്ചറവിലാണ് കരീം വിദേശത്തേക്കു വിമാനം കയറിയത്. 1998ല്‍ സഊദിയിലെത്തി. ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കിനിടയിലും തന്റെ കിനാവുകള്‍ ആ ചെറുപ്പക്കാരന്‍ കൈവിട്ടില്ല. കാലിഗ്രഫിയില്‍ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം അവിടെയും തുടര്‍ന്നു. സുഹൃത്തുക്കളുടെ പേരുകള്‍ സഹപ്രവര്‍ത്തകരുടെ ഭാഷയില്‍ എഴുതിക്കൊടുത്ത് അവരെ വിസ്മയിപ്പിച്ചു കരീം.
സുദാനികളും ഈജിപ്തുകാരുമായ സുഹൃത്തുക്കളില്‍നിന്ന് അറബിക് കാലിഗ്രഫിയുടെ അടിസ്ഥാനതത്വങ്ങള്‍ പഠിച്ചു. അറബി പാറ്റേണില്‍ മലയാളം കാലിഗ്രഫി ചെയ്തു തുടങ്ങി. 2001ല്‍ സഊദിയില്‍നിന്ന് ദുബൈയിലേക്ക് താവളം മാറ്റി. ആവശ്യക്കാര്‍ക്ക് വാരിക്കോരി നല്‍കുന്ന ദുബൈ കരീമിനും ഒരു വഴിത്തിരിവായിരുന്നു. അവിടെ ഒന്‍പതു വര്‍ഷം. 2011ല്‍ ഖത്തറിലേക്ക്. ഖത്തറിലെ യുവജനകൂട്ടായ്മകളിലും മറ്റും സജീവമായി. കാലിഗ്രഫിക്കു പുതിയ മാനം നല്‍കി ഖത്തറില്‍ ഇപ്പോഴും സജീവമാണ് കരീം.
മലയാളം കാലിഗ്രഫി
മലയാളം കാലിഗ്രഫിയില്‍ പുതുരൂപവുമായാണ് കരീം ശ്രദ്ധേയനായത്. കുഞ്ഞുന്നാളില്‍ വീട്ടുകൊലായയില്‍ ഉപ്പ തൂക്കിയ ചിത്രത്തെ 'നമസ്‌കാരം പ്രഥമം പ്രധാനം'എന്നെഴുതി മലയാളത്തില്‍ കാലിഗ്രഫി ചെയ്തു. ഇത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാളം കാലിഗ്രഫി പരീക്ഷണത്തിലേക്കു വാതില്‍ തുറക്കുകയായിരുന്നു ഇത്.
പ്രതിരോധം, പ്രതിഷേധം
ഖത്തറില്‍നിന്നാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. സമാകലിക സംഭവങ്ങളെ കുറിച്ചുള്ള സന്ദേശം ആളുകളിലെത്തിക്കാന്‍ ചിത്രരൂപങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്ന തോന്നലാണ് കാലിഗ്രഫിയിലെ പുതിയ മാനത്തെ കുറിച്ച ചിന്തയിലേക്കെത്തിച്ചതെന്ന് കരീം പറയുന്നു. ഒരേസമയം തന്നെ ആശയവും ചിത്രവും ജനങ്ങളില്‍ എത്തുന്നു. പിന്നെ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരണത്തിന്റെ ആവശ്യം ഉദിക്കുന്നില്ല.
ആദ്യമൊക്കെ പേപ്പറില്‍ വരച്ച് സ്‌കാന്‍ ചെയ്തും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. വളരുന്ന സാങ്കേതികവിദ്യയുടെ വേഗത്തോടൊപ്പമുള്ള സഞ്ചാരവും ഏറെ പ്രാധാന്യമേറിയതാണല്ലോ ഈ സമൂഹമാധ്യമ കാലത്ത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കംപ്യൂട്ടറില്‍ നേരിട്ടാണു മിക്കവാറും കാലിഗ്രഫി ചെയ്യുന്നത്. പിന്നെ എന്തും ആദ്യം വരക്കുന്നതു മനസിലാണ്. അതു പിന്നെ സിസ്റ്റത്തില്‍ പകര്‍ത്തുന്നു. എങ്കില്‍ മാത്രമേ അതിനു പൂര്‍ണത കൈവരൂം കരീം ഓര്‍മിപ്പിക്കുന്നു.
അനാട്ടമിക് കാലിഗ്രഫിയിലും വിദഗ്ധനാണ് ഈ കലാകാരന്‍. വരക്കേണ്ടയാളുടെ ചിത്രം ആദ്യം പഠിക്കും. അതില്‍ അക്ഷരങ്ങള്‍ എവിടെ വയ്ക്കണമെന്നതിനെ കുറിച്ച് ആദ്യം ധാരണയുണ്ടാക്കും. ആദ്യം വരച്ചുനോക്കിയാണു പൂര്‍ണതയിലെത്തിക്കുക. രോഹിത് വെമുല, മുഹമ്മദ് നജീബ്, കനയ്യ കുമാര്‍, മഅ്ദനി, ഹാദിയ തുടങ്ങി നിരവധിപേരെ കരീം തന്റെ അക്ഷരച്ചെപ്പില്‍ വരച്ചിട്ടിട്ടുണ്ട്. സിറിയയിലെ അലെപ്പോ സംഘര്‍ഷത്തില്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ ദേശീയദിന പരിപാടികള്‍ മാറ്റിവച്ച ഖത്തര്‍ അമീറിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ കാലിഗ്രഫി ചിത്രം വരച്ചായിരുന്നു.
ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ചു തയാറാക്കിയ വരകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിന്നു. അടുത്തിടെ പലഘട്ടങ്ങളിലായി കേരളത്തില്‍ കൊല്ലപ്പെട്ട ശുഹൈബ്, മധു, സുഗതന്‍, സഫീര്‍, ഒരു കാപാലികന്റെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെട്ട ജ്യോത്സന സിബി എന്നിവരായിരുന്നു ആ വരകളില്‍. വെട്ടിക്കൊന്നും തല്ലിക്കൊന്നും തൂക്കിക്കൊന്നും കുത്തിക്കൊന്നും ചവിട്ടിക്കൊന്നും ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ട് എന്ന പോസ്റ്റിന് നൂറുകണക്കിന് ഷെയറുകളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ബശ്ശാറുല്‍ അസദിന്റെ സൈന്യം നടത്തുന്ന കൂട്ടക്കുരുതിക്കിരയാകുന്ന സിറിയന്‍ ബാല്യങ്ങളെ, ഏറെ ആഘോഷിക്കപ്പെട്ട 'ഗൃഹലക്ഷ്മി'യുടെ മുലയൂട്ടല്‍ മുഖച്ഛിത്രത്തിന്റെ മാതൃകയില്‍ ചിത്രീകരിച്ച് ഐക്യദാര്‍ഢ്യത്തിന്റെ വേറിട്ട മാതൃകയുമായി കരീം ഗ്രാഫി. ഒറ്റ ദിവസം കൊണ്ടുതന്നെ രണ്ടായിരത്തിലേറെ
ഷെയറാണ് ഈ ചിത്രത്തിനു ലഭിച്ചത്. ചലച്ചിത്രതാരം സിദ്ദീഖ് ഉള്‍പെടെയുള്ള പ്രമുഖരും ചിത്രം പങ്കുവച്ചിരുന്നു.
'കേരളത്തോട് അമ്മമാര്‍: തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലവാചകവുമായി വന്ന 'ഗൃഹലക്ഷ്മി'യുടെ കവര്‍ ഏറെ വിവാദമുണ്ടാക്കിയെങ്കിലും അതിന്റെ മാതൃകയില്‍ കരീം തീര്‍ത്ത ഈ പ്രതിഷേധാഗ്നി ഇരുകൈയും നീട്ടി സ്വീകരിച്ചു സമൂഹമാധ്യമങ്ങള്‍. മാഗസിന്റെ പേരിന്റെ സ്ഥാനത്ത് 'ഓ സിറിയാ.. ക്ഷമിക്കുക' എന്നും, മറ്റ് ഫീച്ചറുകളെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്, 'ഓപണ്‍ യുവര്‍ ഹാര്‍ട്ട് ', 'സിറിയ കത്തുന്നു..!' എന്നിങ്ങനെ മാറ്റിച്ചേര്‍ത്തു. സിറിയയില്‍ സഹോദരിയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ വെടിയേണ്ടി വന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കവര്‍ചിത്രമായി ഉപയോഗിച്ചത്.
കാലിഗ്രഫിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു കരീം. ഏറ്റവും കൂടുതല്‍ സംവേദനസാധ്യതയുള്ള മേഖലയാണ് കൈയെഴുത്തുകല. ഇതിലേക്കു കൂടുതല്‍ ആളുകള്‍ കടന്നുവരേണ്ടതുണ്ടെന്ന് കരീം പറയുന്നു. ഈ സോഷ്യല്‍ മീഡിയാകാലത്ത് പ്രോത്സാഹനം ആവോളം ലഭിക്കുമെന്നും അതിനു പ്രചോദനമായി കരീം ചൂണ്ടിക്കാണിക്കുന്നു.
കുടുംബം
ഖത്തറില്‍ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. ഭാര്യ ഫാസിജ. അഹമ്മദ് കാഷിഫ്, ആയിഷ ഇശാല്‍, മറിയം മനാല്‍ എന്നിങ്ങനെ മൂന്നു മക്കള്‍. ഹെന്ന ഡിസൈനിങ്, ക്രോഷ്യെ തുടങ്ങിയ കലാരൂപങ്ങളില്‍ തല്‍പരയാണ് ഫാസിജ. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ ക്രോഷ്യെ വര്‍ക്കിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട് അവള്‍ക്ക്. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം നല്ലപാതി തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രോത്സാഹനമെന്ന് കരീം ആവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."