ഐ.ടി അറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റിയ നടപടി അപലപനീയം: കെ.എസ്.ടി.യു
കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കുകയും ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്ത ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റിയ നടപടി അപലപനീയമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി. ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി കമ്പനിവല്‍ക്കരിക്കുകയും കൈറ്റ് നിലവില്‍ വരികയും ചെയ്ത സമയത്തു തന്നെ കെ.എസ്.ടി.യു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ ഇതിനെ എതിര്‍ക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇതുകാരണം വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന എല്ലാ പദ്ധതികളും നിശ്ചലമായിരിക്കുകയാണെന്ന് പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദും ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീനും പ്രസ്താവനയില്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ഹൈടെക് പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഇതു കമ്പനിയാക്കിയത് എന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇതിന്റെ പേരില്‍ വിദേശ കമ്പനികളെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നടത്തുന്നത്. നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള അധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.
രണ്ടുവര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ഇല്ലാതെയാണ് അധ്യാപകര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നത്. കെ-ടെറ്റ് പോലുള്ള യേഗ്യതാ പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്.
സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിലെ കെടുകാര്യസ്ഥതക്കും എതിരേ കെ.എസ്.ടി.യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഈ മാസം 18ന് കോഴിക്കോട്ട് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."