മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കും: കെ. സുധാകരന്‍ തലശ്ശേരി കലാപത്തിലെ സി.പി.എമ്മിന്റെ പങ്ക് പുനരന്വേഷിക്കണം
കണ്ണൂര്‍: എന്തൊക്കെ സംഭവിച്ചാലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഒരിക്കലും പോകില്ലെന്നും കോണ്‍ഗ്രസുകാരനായി ജനിച്ച്, ജീവിച്ച്, മരിക്കാനാണ് താല്‍പര്യമെന്നും കെ. സുധാകരന്‍. കെ. സുധാകരന്‍ അമിത്ഷായുമായി ചര്‍ച്ച നടത്തിയെന്ന പി. ജയരാജന്റെ ആരോപണത്തിന് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
മീഡിയാവണ്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍നിന്ന് ഏതാനും ചില ഭാഗങ്ങള്‍ മാത്രം കാണിച്ചുകൊണ്ട് കൈരളി ചാനല്‍ ചെയ്തത് മാധ്യമവ്യഭിചാരമാണെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബ് വധത്തോടെ ഒറ്റപ്പെട്ട സി.പിഎം അതിന്റെ അങ്കലാപ്പ് തീര്‍ക്കാനാണ് തനിക്കെതിരേ തിരിയുന്നത്. മുസ്‌ലിം സമുദായത്തിന്റെ രക്ഷകനായി സ്വയം ചമഞ്ഞ പി. ജയരാജന്‍ സ്വന്തം സാമ്രാജ്യം തകര്‍ന്നതോടെ മാനസികനില തകര്‍ന്ന രീതിയിലാണ് പെരുമാറുന്നത്. പി. ജയരാജനെതിരേയും പാര്‍ട്ടി ചാനലിനെതിരേയും നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞത് തന്റെ രാഷ്ട്രീയ സത്യസന്ധത കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.
മറ്റു കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി ദൂതന്മാര്‍ കണ്ടതായി അറിയില്ല. കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയിലേക്ക് പോകില്ല. ഇതു സംബന്ധിച്ച വാര്‍ത്ത പത്തുമാസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നപ്പോള്‍തന്നെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. ദൂതന്‍ വന്നാല്‍ അത് ചര്‍ച്ചയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ ബി.ജെ.പി ചെയ്തതു പോലെ സി.പി.എം കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൊള്ളയടിക്കുകയും കൊന്നൊടുക്കുകയുമാണ് ചെയ്യുന്നത്. നാദാപുരം, തൂണേരി, പയ്യന്നൂര്‍ സംഭവങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. തലശ്ശേരി കലാപം രാഷ്ട്രീയ ലാഭത്തിനു വേണ്ടി സി.പി.എം സംഘടിപ്പിച്ചതാണെന്നും കലാപത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
സി.പി.എം, ബി.ജെ.പി പാര്‍ട്ടികളുമായി കേരളത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."